കൊച്ചി: കേരളത്തിന്റെ രണ്ടറ്റത്തുനിന്നുമുള്ള രണ്ടുപേരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ കൊച്ചി മെട്രോ. ഇതു വായിച്ച് വർഷങ്ങൾക്കുമുന്പ് രണ്ടു ദിശയിൽ പിരിഞ്ഞവർ മെട്രോയിൽവച്ച് ഒരുമിച്ചെന്നു തെറ്റിദ്ധരിക്കല്ലേ. സംഗതി അൽപം റൊമാൻസാണ്.മെട്രോയിലെ സ്റ്റേഷൻ കണ്ട്രോളറായ വിനീതിന്റെയും ട്രെയിൻ ഓപ്പറേറ്ററായ അഞ്ജുവിന്റെയും വിവാഹമായിരുന്നു ഇന്നലെ. കണ്ണൂരുകാരനായ വിനീത് ശങ്കറിനെയും തിരുവനന്തപുരം സ്വദേശി അഞ്ജു ഹർഷനെയും ഒരിമിപ്പിച്ചതു നമ്മുടെ മെട്രോയാണ്.
കെഎംആർഎല്ലിനു കീഴിൽ മെട്രോയിൽ ജോലി ലഭിച്ചു കൊച്ചിയിലെത്തുന്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ട്രെയിനിംഗിനായി ബംഗളൂരുവിലേക്ക് പോയപ്പോൾ ഇരുവരും സൗഹൃദത്തിലായി. പിന്നീട് മനസുകൊണ്ട് അടുത്തപ്പോൾ പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂർ പയ്യാവൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കീഴിൽ ജോലിക്കു വന്നതാണു ജീവിതത്തിൽ ഒരുമിക്കാൻ കാരണമായതെന്ന് ഇരുവരും പറയുന്നു. നിങ്ങളിൽ മിക്കവരെയും പോലെ കൊച്ചി മെട്രോ ഞങ്ങൾക്കും ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞുവെന്ന് ഇരുവരും ഫേസ്ബുക്കിൽ കുറിക്കുന്നു. കേരളത്തിന്റെ രണ്ടറ്റത്തുനിന്നുമുള്ള രണ്ടുപേരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതിൽ കൊച്ചി മെട്രോയ്ക്ക് ചാരിതാർഥ്യമുണ്ടെന്നും മുന്നോട്ടുള്ള യാത്രയിൽ തടസങ്ങളൊന്നുമില്ലാതെ മുന്നേറാൻ ഇവർക്ക് സാധിക്കട്ടെയെന്ന് കെഎംആർഎലും ഫേസ്ബുക്കിലൂടെ ആശംസിച്ചു.