ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധി എൻഡിഎ സർക്കാരിന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സ്വകാര്യതയ്ക്കുള്ള അവകാശത്തെ പാർട്ടി പൂർണമായും മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാധാരണക്കാർക്ക് അവരുടെ അവകാശങ്ങൾ വഴിമാറിപ്പോകാതെ അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്. സാമൂഹിക നീതിയുടെ തുല്യമായ വിതരണം സർക്കാർ ഉറപ്പുവരുത്തുമെന്നും ഷാ പറഞ്ഞു.
66എ വകുപ്പ് പ്രകാരം ഇന്റർനെറ്റ് സേവനങ്ങളെ നിയന്ത്രിക്കാൻ നിയമം ഉണ്ടാക്കിയവരാണ് ഇപ്പോൾ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും കുറിച്ച് പറയുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ സ്വാതന്ത്ര്യത്തിനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും ഹനിച്ചവരാണ് ഇപ്പോൾ നമ്മുടെ മൗലീകാവകാശങ്ങളുടെ സംരക്ഷകരായി രംഗത്തെത്തിയതെന്നത് വിചിത്രമാണെന്നും ഷാ പറഞ്ഞു.