ഷൊർണൂർ: റെയിൽവേ കനിഞ്ഞില്ലെങ്കിൽ ആയിരക്കണക്കിനു മറുനാടൻ മലയാളികൾക്ക് ഇക്കുറിയും തിരുവോണത്തിനു നാട്ടിലെത്താനാകില്ല. ഓണം പ്രമാണിച്ച് അധിക ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം കാലങ്ങളായി നിലനില്ക്കുന്നതാണ്. പേരിനു മാത്രം അധിക സർവീസുകൾ ഏർപ്പെടുത്തി റെയിൽവേ വഴിപാടൊരുക്കലാണു പതിവ്.
ഇതുകൊണ്ടുതന്നെ ആയിരക്കണക്കിനു മറുനാടൻ മലയാളികൾക്ക് ഓണത്തിനു നാട്ടിലെത്താൻ കഴിയാറില്ല. ഓണത്തോടനുബന്ധിച്ചുള്ള റിസർവേഷൻ ബുക്കിംഗ് ഇതിനകം അന്തിമഘട്ടത്തിലെത്തി. ദീർഘദൂര ട്രെയിനുകളിൽ റിസർവേഷൻ സംവിധാനം അടുത്തദിവസങ്ങളിൽ വർധിക്കുന്നതോടെ റിസർവേഷനും ലഭിക്കില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തീവണ്ടിപാതകളുടെ കുറവുമാണ് അധിക സർവീസുകൾ ആരംഭിക്കുന്നതിൽനിന്നു റെയിൽവേയെ പിറകോട്ടടിക്കുന്നത്. അതേസമയം അടുത്തവർഷംമുതൽ പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്നും കൂടുതൽ സർവീസുകൾ തുടങ്ങുമെന്നും എല്ലാവർഷവും റെയിൽവേ ആവർത്തിക്കാറുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഇത്തവണയും കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ലെന്നു യാത്രക്കാർ പറയുന്നു.
ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണു മറുനാടൻ മലയാളികൾ ഏറെയുള്ളത്. ഓണം അടുക്കുന്നതോടെയാണ് ഇവരെല്ലാം ലീവുകിട്ടി കുടുംബസമേതം വീടുകളിലേക്ക് എത്തുന്നത്. യാത്രാതിരക്ക് പരിഹരിക്കാനാവശ്യമായ നടപടിയെടുക്കാൻ റെയിൽവേയ്ക്ക് ഈസമയം കഴിഞ്ഞിട്ടുണ്ടാകില്ല. ഇതോടെ മറ്റു യാത്രാമാർഗം അന്വേഷിക്കാൻ യാത്രക്കാർ നിർബന്ധിതരാകും. എന്നാൽ തിരുവോണനാളിൽ വീട്ടിലെത്താൻ ഇവരിൽ ഭൂരിഭാഗത്തിനും കഴിയാറില്ലെന്നു മാത്രം.
റിസർവേഷൻ ലഭിച്ചിട്ടും ട്രെയിനുകളിൽ കയറിപറ്റാൻ കഴിയാതെ യാത്ര മുടങ്ങുന്ന സാഹചര്യവും പലർക്കുമുണ്ടായിട്ടുണ്ട്. ട്രെയിനുകളിൽ റിസർവേഷനും യാത്രാസൗകര്യങ്ങളും നിഷേധിക്കപ്പെടുന്ന യാത്രക്കാർക്ക് ബസുകളാണ് അടുത്ത ആശ്രയം. ദീർഘയാത്രയ്ക്ക് ഇത് അഭികാമ്യമല്ലാത്തതിനാൽ ചുരുക്കംപേർ മാത്രമേ ഇതിനു തയാറാകൂ. മറ്റുള്ളവർ യാത്ര വേണ്ടെന്നു വയ്ക്കുകയാണു ചെയ്യുക.
ഓണക്കാലമാകുന്നതോടെ ദീർഘദൂര ട്രെയിനുകൾക്കു പുറമേ ഹ്രസ്വദൂര ട്രെയിനുകളിലും തിരക്കേറും. ഇക്കാര്യങ്ങളെല്ലാം റെയിൽവേയ്ക്ക് അറിയാമെങ്കിലും ബദൽ സംവിധാനത്തിനോ യാത്രക്കാരുടെ പ്രശ്നം പരിഹാരത്തിനോ അധികൃതർ ഒന്നും ചെയ്യാറില്ല.