പ്രായമുള്ളവരെ തള്ളിക്കളയുന്നവര്‍ക്ക് ഒരു മാതൃകയാവുകയാണ് ചൈനയിലെ സിചുവാന്‍ സ്വദേശിയായ ഒരു മനുഷ്യന്‍. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം തന്റെ 115 വയസ്സുള്ള അമ്മായിഅമ്മയെ നോക്കുന്നത് പൊന്നുപോലെയാണ്. ലി ജിയുലിയന്‍ തന്റെ മകന്റെ മരണത്തെ തുടര്‍ന്ന് മകളുടെ വീട്ടിലേക്ക് എത്തപ്പെടുകയായിരുന്നു. തുടര്‍ന്ന് തൂഫുവാണ് ലിയെ സംരക്ഷിച്ചിരുന്നത്.
ലിയ്ക്ക് ഇഷ്ടമുള്ള ആഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നത് തുഫുവാണ്. പുറത്ത് നിന്ന് വാങ്ങുന്ന ആഹാരങ്ങള്‍ ലിയ്ക്ക് ഇഷ്ടമല്ലെന്നും വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരങ്ങളാണ് ഇഷ്ടമെന്നും തുഫു പറയുന്നു. മുട്ടകൊണ്ടുള്ള കേക്ക് തുഫു ഉണ്ടാക്കി സ്വന്തം കൈ കൊണ്ട് വാരിക്കൊടുക്കും. ഇത് ലിയ്ക്ക് വളരെ പ്രിയപ്പെട്ടതുമാണ്.
ലിയുടെ മുടി ഭംഗിയായി ചീകി വയ്ക്കുന്നതും നടക്കാന്‍ സാധിക്കാത്തിടത്തൊക്കെ സ്വന്തം ചുമലില്‍ എടുത്ത് പുറത്ത് കൊണ്ടു പോകുന്നതുമൊക്കെ തുഫു സന്തോഷത്തോടെ ചെയ്യുന്നു. ലിയെ നന്നായി പരിപാലിക്കുന്നതിനാല്‍ ഇപ്പോഴും അവര്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. തന്റെ കുടുംബത്തോടൊപ്പം ലി വളരെ സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് തുഫു പറയുന്നു.