മഞ്ചേരി: പട്ടാപകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് വട്ടിപ്പറന്പത്ത് പിൻസ് റഹ്മാൻ എന്ന പ്രിൻസി (27)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 24ന് രാവിലെ എട്ടു മണിക്കാണ് സംഭവം.അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന യുവതിയെ പിന്നിലൂടെ വന്ന പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു.
ശബ്ദം ഉണ്ടാക്കിയാൽ കൊന്നു കളയും എന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ മൂക്കിലൂടെ രക്തം വരുന്നത് കണ്ട് ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് നേരത്തെ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി.
അതിൽ ഉൾപ്പെട്ട ആളെക്കുറിച്ച് ലഭിച്ച സൂചനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുറച്ചു ദിവസമായി യുവതിയുടെ വീടും പരിസരവും നിരീക്ഷിച്ചുവരികയായിരുന്നു. ചോദ്യം ചെയ്തതിൽ പ്രദേശത്ത് സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വേറെ വീടുകളും കണ്ടു വച്ചതായി ഇയാൾ മൊഴി നൽകി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി സിഐ എൻബി ഷൈജു, എസ്ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ്, സലിം എന്നിവരാണ് പ്രതിയെ പിടികൂടിയത്.