മൂന്നാർ: കെ.എസ്ഇബിയുടെ ഹൈഡൽ ടൂറിസത്തിനു കീഴിലുള്ള മാട്ടുപ്പെട്ടിയിലെ കൗബോയ് പാർക്കിൽനിന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർതാരം ഹർമൻപ്രീത് കൗർ നീട്ടിയടിച്ച പന്ത് പാർക്കിന്റെ മതിലുംകടന്ന് മാട്ടുപ്പെട്ടി തടാകത്തിലാണ് വീണത്. പിതാവ് ഹർമീന്ദർ സിംഗ് എറിഞ്ഞ ഫുൾടോസിനെയാണ് ആർത്തിരന്പുന്ന ആൾക്കൂട്ടം സാക്ഷിനിർത്തി ഹർമൻപ്രീത് നിർദാക്ഷിണ്യം ശിക്ഷിച്ചത്.
പാർക്കിലെ ക്രിക്കറ്റ് സിമുലേറ്ററിൽ തന്റെ സൂപ്പർ പവർ ബാറ്റിംഗ് പാടവം കാഴ്ചവച്ചും ഇടവേളയിൽ ദലേർ മെഹന്തിയുടെ പാട്ടിനൊപ്പം ചുവടുവച്ചുമാണ് തന്റെ ആദ്യ കേരള സന്ദർശനം ഹർമൻപ്രീത് ആഘോഷമാക്കിയത്.
കവറിനു മുകളിലൂടെയുള്ള ഇൻസൈഡ് ഒൗട്ട് ഷോട്ടാണ് തനിക്കേറെ പ്രിയങ്കരമെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഹർമൻപ്രീതിന്റെ ലൈവ് ബാറ്റിംഗ് വെടിക്കെട്ട്.
കൗബോയ് പാർക്കിന്റെ രണ്ടാംഘട്ടവും രണ്ടാംഘട്ടത്തിന്റെ ഭാഗമായി ആരംഭിച്ച പുതിയ റൈഡുകളും ഉദ്ഘാടനവും ചെയ്യാനെത്തിയതായിരുന്നു ഇക്കഴിഞ്ഞ വനിതാലോകകപ്പിലെ അത്ഭുതതാരവും ഇന്ത്യൻ ടീമംഗവുമായ ഹർമൻപ്രീത് കൗർ. ഒന്നാം വാർഷികമാഘോഷിക്കുന്ന വേളയിലാണ് മൂന്നാറിലെ ഏറ്റവും പ്രധാന വിനോദകേന്ദ്രമായി മാറുന്നവിധം കൗബോയ് പാർക്കിൽ പുതിയ വിസ്മയറൈഡുകൾ സഞ്ചാരികൾക്കായി തുറന്നത്്.
ആദ്യഘട്ടത്തിലെ സാഹസിക റൈഡുകൾക്കൊപ്പം വിസ്മയവും കൗതുകവും നിറയുന്ന സ്വിംഗ് ചെയർ, മിറർ മേസ്, വേർട്ടെക്സ്, റെയിൻ ഫോറസ്റ്റ്, മ്യൂസിക്കൽ ബോബ്, ബൈക്ക്, കാർ റൈഡുകൾ ഉൾപ്പെടെ കംപ്യൂട്ടർ ഗെയിമുകളുടെ വലിയ ലോകം എന്നിവയാണ് പുതിയ റൈഡുകൾ. മൂന്നാറിലെ പ്രശസ്തമായ സണ്മൂണ്വാലി ബോട്ടിംഗ് സെന്ററിനോടുചേർന്നാണ് പാർക്ക് പ്രവർത്തിക്കുന്നത്.
ഈവർഷം മുതൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിനോദയാത്രയ്ക്കൊപ്പമുള്ള പാർക്ക് പ്രവേശനത്തിന് പ്രത്യേക പാക്കേജ് നിരക്കുകൾ ലഭ്യമാക്കുമെന്ന് പാർക്ക് ഡയറക്ടർ അറിയിച്ചു. സൗജന്യ ഉച്ചഭക്ഷണമുൾപ്പെടെയാണിത്. ഗ്രൂപ്പുകൾക്കും പ്രത്യേക നിരക്കുകൾ നൽകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.