സെലിബ്രറ്റികളെ കണ്ടാൽ ചിലർക്ക് സെൽഫിയെടുത്തേ പറ്റൂ… സാഹചര്യവും സന്ദർഭവുമൊന്നും നോക്കാതെ ഇങ്ങനെ അടുത്തുകൂടുന്ന സെൽഫിഭ്രമക്കാർക്കു താരങ്ങളിൽനിന്നു തിക്താനുഭവങ്ങളും നേരിടേണ്ടിവരാറുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മകൾ മലിയ ഒബാമയാണ് സെൽഫിയെടുക്കാൻ വന്ന യുവതിയോട് ദേഷ്യപ്പെട്ട് വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.
ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി ചേർന്ന മലിയയ്ക്കു കാന്പസ് പരിസരത്തുവച്ചാണ് സെൽഫി കന്പക്കാരിയേ നേരിടേണ്ടിവന്നത്. തന്റെ കൊച്ചുമകനുവേണ്ടി ഒരു ചിത്രമെടുത്തോട്ടെ എന്നു ചോദിച്ചെത്തിയ യുവതിയോട് മലിയ മാന്യമായി വിസമ്മതം അറിയിച്ചു. എന്നാൽ, ആഗ്രഹമുപേക്ഷിക്കാൻ അവർ തയാറായില്ല. കുറച്ചു സമയത്തിനുശേഷം മലിയയുടെ അരികിലെത്തിയ അവർ അനുവാദം കൂടാതെ ചിത്രം പകർത്തുകയായിരുന്നു.
ഫ്ലാഷുകൾ തെരുതെരെ മിന്നിയതോടെ അരിശംപൂണ്ട മലിയ അവരോടു കയർത്തു. “ഇങ്ങനെ ഫോട്ടെയടുക്കാൻ ഞാനെന്താ കൂട്ടിൽ കിടക്കുന്ന വന്യമൃഗമാണോ…’ മലിയയുടെ ശബ്ദം ഉയർന്നതോടെ പടമെടുപ്പു നിർത്തി യുവതി സ്ഥലംവിട്ടു. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ മലിയയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.