അഞ്ചുകോടി അനുയായികളുടെ ആള്‍ദൈവത്തിന് ഇനി പത്തുവര്‍ഷം അഴിയെണ്ണാം, പൊട്ടിക്കരഞ്ഞ ഗുര്‍മീതിനു ജയിലൊരുക്കി ജഗ്ദീപ് സിംഗ്, അണികളെ വരിഞ്ഞുമുറുക്കി സൈന്യം

ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചു. പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷവിധിച്ചത്. കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2002 ല്‍ നടന്ന കേസിലാണ് ഗുര്‍മീത് തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഗുര്‍മീത് ചെയ്തതെന്നും ഇയാള്‍ക്ക് ജീവപര്യന്തം നല്‍കണമെന്നും സിബിഎ കോടതിയില്‍ വാദിച്ചു. അതേസമയം, ഗുര്‍മീതിന്‍റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. 15 വര്‍ഷം മുന്‍പാണ് ഈ ആരോപണം വന്നതെന്നതിനാല്‍ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ പ്രായം കണക്കിലെടുത്തു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്നും ഗുര്‍മീത് നിരവധിപ്പേര്‍ക്ക് സഹായങ്ങള്‍ ചെയ്ത വ്യക്തയാണെന്നും ഇതൊക്കെ കണക്കിലെടുക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ പ്രതിഭാഗത്തിന്‍റെ വാദങ്ങള്‍ എല്ലാം തള്ളിയ കോടതി 10 വര്‍ഷത്തെ കഠിന തടവ് വിധിക്കുകയായിരുന്നു. വാദം പുരോഗമിക്കുന്നതിനിടെ ജഡ്ജിക്കു മുന്നില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, വിധി പ്രസ്താവിക്കുന്നതിന് ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടര്‍ മാര്‍ഗമാണ് റോഹ്തക്കിലെത്തിയത്.

ഗുര്‍മീതിനെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന റോഹ്തക് ജില്ലാ ജയിലില്‍ വച്ചാണു പ്രത്യേക സിബിഐ കോടതി ജഡ്ജി ശിക്ഷാ വിധി പ്രസ്താവിച്ചത്. ഇവിടെ ഏഴു തലങ്ങളിലുള്ള സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഗുര്‍മീത് കുറ്റക്കാനാണെന്നു കണ്ടെത്തി ജയിലിലേക്ക് അയച്ചതിനു പിന്നാലെ കഴിഞ്ഞദിവസം ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

ഹരിയാനയിലെ അക്രമങ്ങളില്‍ മാത്രം 36 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്നാണു സിര്‍സയിലെ കോടതിയില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന ശിക്ഷാവിധി ജയിലിലേക്കു മാറ്റാന്‍ തീരുമാനിച്ചത്. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സുനാരിയയിലെ ജയില്‍ കോടതിമുറിയാക്കി മാറ്റിയായിരുന്നു സിബിഐ കോടതി ജഡ്ജി ജഗദീപ് സിംഗ് വിധി പ്രഖ്യാപിച്ചത്. വിധി പറയാനായി രാവിലെ 11.30 ഓടെ ജഡ്ജി പ്രത്യേക ഹെലികോപ്റ്ററില്‍ ജയിലിലെത്തി. ജയില്‍ കോടതിമുറിയാക്കി മാറ്റാന്‍ ഹരിയാന ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഗുര്‍മീതിനെ പുറത്തിറക്കിയാല്‍ ഉണ്ടാകാവുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ജയിലില്‍ വിധി പ്രസ്താവിച്ചത്. കനത്ത സുരക്ഷാവലയത്തിലാണ് ജഡ്ജിയെ ജയിലിലെത്തിച്ചത്.

Related posts