എറണാകുളം: പത്തുവർഷം മുന്‍പ് ഒന്നരലക്ഷം രൂപ വായ്പ എടുത്തതുമായി ബന്ധപ്പെട്ടു ജപ്തി നടപടികൾ നേരിടേണ്ടി വന്ന വൃദ്ധദന്പതികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മകൻ ദിനേശൻ, മരുമകൾ മായ, പേരക്കുട്ടികളായ മാനസി, നന്മ എന്നിവരോടൊപ്പമാണ് രാമൻ കോരങ്ങാത്തും ഭാര്യ വിലാസിനിയും സന്ദർശിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
വീട്ടിൽ തുടർന്നും താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും വീട്ടിൽനിന്ന് ഇറക്കി വിടില്ലെന്നും മുഖ്യമന്ത്രി വൃദ്ധദന്പതികൾക്ക് ഉറപ്പുനൽകി. ആശങ്കകൾ വേണ്ടെന്നും വീട്ടിൽത്തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
എണ്‍പതുകാരനായ രാമൻ കോരങ്ങാട്ടിനെയും ഭാര്യ വിലാസിനിയെയും ജപ്തി നടപടികളെ തുടർന്നു നേരത്തെ വീട്ടിൽനിന്ന് ഇറക്കി വിട്ടിരുന്നു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിംഗ് കോർപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് ക്രൂരമായ നടപടി. തുടർന്ന് മുഖ്യമന്ത്രി നേരിട്ടിടപെട്ട് ജപ്തി നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.
കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയുടെ പേരിൽ ക്ഷയരോഗ ബാധിതരായ വൃദ്ധദന്പതികളെ വീട്ടിൽനിന്നിറക്കി വിട്ടത്.