കണ്ണൂർ: ഭാര്യയെ ഫോണിൽ വിളിച്ചുവെന്നാരോപിച്ച് അയൽവാസിയെ വെടിവെച്ചും ബോംബറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. സെൻട്രൽ പൊയിലൂർ കമ്പിമുക്ക് വട്ടപൊയിലിൽ പടിഞ്ഞാറയിൽ ബാലൻ എന്ന പരുന്ത് ബാലനെ (53) യാണ് അയൽവാസി പാറായി കൂട്ടായിന്റവിട രതീഷി (25) നെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൊളവല്ലൂർ എസ്ഐ എം.വി. ബിജുവും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ ഫോണിൽ വിളിച്ചുവെന്നാരോപിച്ചാണ് പ്രതി ബാലൻ ബൈക്കിൽ അയൽവാസി രതീഷിന്റെ വീട്ടിലെത്തിയത്. രതീഷിനെ കണ്ട പ്രതി ഉടൻ തന്റെ കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവയ്ക്കുകയും വീടിന് നേരേ ബോംബെറിയുകയും ചെയ്തു.
വീട്ടുകാർ ബഹളം വെച്ചതോടെ ബാലൻ തന്റെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു സംഘം ഈ ബൈക്ക് അടിച്ചു തകർത്തു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രി 11.30 ഓടെയാണ് വീടിനടുത്ത് വെച്ച് കൊളവല്ലൂർ പോലീസ് പിടികൂടിയത്.
പ്രതി കൊലപാതകശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ആർഎസ്എസ് പ്രവർത്തകരായ ബാലനും രതീഷും മുമ്പ് നിരവധി തവണ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പരിഹരിക്കുകയായിരുന്നു.പ്രതിയുടെ കൈവശമുണ്ടായിരുന്ന തോക്കിന് ലൈസൻസില്ലെന്ന് പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. പ്രതിയെ ഇന്ന് തലശേരി കോടതിയിൽ ഹാജരാക്കും.