കോട്ടയം: മാങ്ങാനം കൊലക്കേസിലെ പ്രതി കമ്മൽ വിനോദും കൊല്ലപ്പെട്ട സന്തോഷും പരിചയപ്പെടുന്നത് ജയിലിൽ വച്ച്. 2009ൽ അടിപിടിക്കേസിൽ റിമാൻഡിലായ വിനോദും മറ്റൊരു അടിപിടികേസിൽ റിമാൻഡിലായ സന്തോഷും ഒരു മുറിയിലാണ് ജയിലിൽ കഴിഞ്ഞത്. ആ പരിചയം പിന്നീട് കുടുംബസുഹൃത്തായി മാറുന്നതിൽ എത്തി.
കോട്ടയം ചന്തക്കവലയ്ക്കു സമീപത്ത് വിനോദിന് ഒരു തട്ടുകടയുണ്ടായിരുന്നു. അവിടെ വിനോദും സന്തോഷും ഒരുമിച്ച് പല ദിവസങ്ങളിലും മദ്യപിക്കുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം ദൃഢമായതോടെ സന്തോഷ് വിനോദിന്റെ വീട്ടിലെത്താൻ തുടങ്ങി. അങ്ങനെയാണ് വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി അടുപ്പത്തിലായത്.
പിതാവിനെ കൊന്ന കേസിൽ വിനോദ് ജയിലിലായപ്പോൾ കാണാനെത്തിയ കുഞ്ഞുമോൾക്കൊപ്പം സന്തോഷ് ഉണ്ടായിരുന്നു. അന്നേ വിനോദ് മനസിലുറപ്പിച്ചാണ് സന്തോഷിനെ വകവരുത്തണമെന്ന്. വിനോദിന്റെ പിതാവ് ഇറച്ചിവെട്ടുകാരനായിരുന്നു. കല്യാണ വീടുകളിൽ എത്തി മൃഗങ്ങളെ കൊന്ന് ഇറച്ചി നല്കുമായിരുന്നു.
അന്ന് പിതാവിനൊപ്പം പോകുന്ന സന്തോഷ് ആണ് മൃഗങ്ങളെ കൊന്നിരുന്നത്. ഒരറപ്പുമില്ലാതെ സന്തോഷിനെ പൈശാചികമായി കൊന്ന് കഷണങ്ങളാക്കാൻ വിനോദിന് കഴിഞ്ഞതും ഇതാണ് കാരണം. കോട്ടയം നഗരത്തിൽ ഒരു സ്ത്രീയെ ആസിഡ് ഒഴിച്ചു കൊന്ന കേസിൽ സന്തോഷ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതിയാണ് കമ്മൽ വിനോദ്.