കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ നടന് അജു വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതായി സിഐ എസ്. ജയകൃഷ്ണന് അറിയിച്ചു. തനിക്കെതിരെയുള്ള പരാതി റദ്ദാക്കുന്നതിന് അജു വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതെ തുടര്‍ന്നാണ് നടനെ രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശേരി സ്വദേശിയുടെ പരാതിയിലാണ് പോലീസ് അജുവിനെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂലൈ 13ന് അജു വര്‍ഗീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. നടന്റെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം സംബന്ധിച്ചു നടന് കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും വിഷയം പോലീസ് കോടതിയിക്കു കൈമാറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ട സംഭവത്തെതുടര്‍ന്ന് നടന് ദിലീപിനെതിരെ അന്വേഷണം തിരിഞ്ഞ് ഘട്ടത്തിലാണ് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നടിയുടെ പേരെടുത്ത് പറഞ്ഞ് വിവാദ പോസ്റ്റിട്ടത്. നടിക്ക് പിന്തുണ അറിയിക്കുന്നതിനൊപ്പം സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും അജു വ്യക്തമാക്കിയിരുന്നു.