കോട്ടയം: സന്തോഷ് വധക്കേസിലെ ഒന്നാംപ്രതി കമ്മൽ വിനോദ് ഭാര്യ കുഞ്ഞുമോളെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. “”ഒന്നുകിൽ നീ ചാകണം. അല്ലെങ്കിൽ സന്തോഷിനെ കൊല്ലു’’മെന്നു ഭാര്യയോടു വിനോദ് പലതവണ പറഞ്ഞിരുന്നു. സന്തോഷിനെ വിളിച്ചുവരുത്തുന്നതിനു വിനോദ് തന്നെ ഭീഷണിപ്പെടുത്തിയതായി രണ്ടാം പ്രതി കുഞ്ഞുമോൾ അന്വേഷണ സംഘത്തിനു മൊഴി നല്കി.
ആദ്യം സന്തോഷ്, പിന്നീട് ഭാര്യ ഇതായിരുന്നു വിനോദിന്റെ കൊലപാതക ആസൂത്രണം. അതിനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞു കാത്തിരിക്കുകയായിരുന്നു ഇയാൾ. സന്തോഷിന്റെ മൃതദേഹം തിരിച്ചറിയാതിരിക്കാനാണു കഷണങ്ങളാക്കി പലസ്ഥലത്ത് ഉപേക്ഷിച്ചത്. ഭാര്യയെയും കൊന്നശേഷം തെളിവ് നശിപ്പിക്കാനായിരുന്നു തീരുമാനം. കാണാതായ സന്തോഷിനൊപ്പം ഭാര്യ ഒളിച്ചോടിയെന്നു പ്രചരിപ്പിച്ചു രക്ഷപ്പെടുകയും ചെയ്യാം. ഇതായിരുന്നു വിനോദിന്റെ പദ്ധതി.സന്തോഷിന്റെ തല തോട്ടിലെ ചെളിയിൽ താഴ്ന്നു പോകുമെന്നും ഒരിക്കലും ആളെ തിരിച്ചറിയാനാകാതെ കേസ് അവശേഷിക്കുമെന്നുമുള്ള വിനോദിന്റെ കണക്കുകൂട്ടൽ കോട്ടയം പോലീസ് ഒറ്റ ദിവസം കൊണ്ടു പൊളിച്ചു.
പിതാവിനെ കൊന്ന കേസിൽ കമ്മൽ വിനോദ് ജയിലിലായിരുന്നപ്പോൾ ഭാര്യ കുഞ്ഞുമോൾ സന്തോഷിനൊപ്പമായിരുന്നു. അന്നു കുട്ടികളെ നോക്കിയിരുന്നത് വിനോദിന്റെ അമ്മയായിരുന്നു. വിനോദിനെ 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തപ്പോൾ ഏഴാം ദിവസമാണു കുഞ്ഞുമോൾ ജയിലിൽ കാണാനെത്തിയത്.
അപ്പോൾ കൂടെ സന്തോഷുമുണ്ടായിരുന്നു. ഇവനെയും കൂട്ടി എന്തിനാ വന്നതെന്നു ചോദിച്ചപ്പോൾ എനിക്കൊരു സഹായിയായിട്ടെന്നായിരുന്നു മറുപടി. വിനോദ് ജയിലിൽനിന്നു മടങ്ങി വന്നുകഴിഞ്ഞാണു കുഞ്ഞുമോൾ തിരികെ വീട്ടിൽ എത്തിയത്. ഇതാണ് സന്തോഷിനോടുള്ള വൈരാഗ്യത്തിനു കാരണം. പിന്നീടു പല ദിവസങ്ങളിലും സന്തോഷിനെ വകവരുത്താൻ കെണിയൊരുക്കി വീട്ടിൽ രഹസ്യമായി കാത്തിരുന്നിട്ടുണ്ട്. സന്തോഷിനെ വകവരുത്തുമെന്നു വിനോദ് ചിലരോടു പറഞ്ഞിരുന്നു.
കൊലപാതകം നടത്തിയ ബുധനാഴ്ച വിനോദ് ഭാര്യയെ ഭീഷണിപ്പെടുത്തിയാണു സന്തോഷിനെ വീട്ടിൽ വിളിച്ചുവരുത്തിയത്. സന്തോഷിനെ വിളിക്കാതിരുന്നുവെങ്കിൽ അന്നു രാത്രി ഭാര്യയെ കൊല്ലാനായിരുന്നു പദ്ധതി. ഇതു മനസിലാക്കിയ കുഞ്ഞുമോൾ പലതവണ സന്തോഷിനെ ഫോണിൽ വിളിച്ചിരുന്നു.
വിനോദിന്റെ ക്രിമിനൽ സ്വഭാവം ശരിക്കും കുഞ്ഞു മോൾക്ക് അറിയാമായിരുന്നതിനാൽ പറഞ്ഞത് അനുസരിക്കുകയായിരുന്നു. സംഭവത്തിന്റെ തലേന്നും ചിലർ വിനോദിനോടു ഭാര്യയും സന്തോഷുമായുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞിരുന്നതു കൂടുതൽ വൈരാഗ്യത്തിനു കാരണമായി. ബുധനാഴ്ച രാത്രി പത്തരയോടെ വിനോദിന്റെ വീട്ടിലെത്തിയ സന്തോഷുമായി കുഞ്ഞുമോൾ അൽപനേരം സംസാരിച്ചിരുന്നു. പിന്നീടു വെള്ളമെടുക്കാനായി അകത്തേക്കു പോയി. ഈസമയം വിനോദ് പിന്നിലൂടെ വന്ന് ഒരു കന്പി കൊണ്ടു സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഒറ്റയടിക്കു തലയോടു പൊട്ടി. ശബ്ദം പോലും കേൾക്കാതെ സന്തോഷ് മരണത്തിനു കീഴടങ്ങി. പിന്നീട് രണ്ടു തവണകൂടി തലയ്ക്കടിച്ചു മരണം ഉറപ്പാക്കുകയും ചെയ്തു.