ന്യൂയോര്‍ക്ക്: ഉത്തേജക മരുന്നുപയോഗത്തിന്റെ പേരില്‍ വിലക്കു നേരിടുകയായിരുന്ന റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ വിജയത്തോടെ തിരിച്ചെത്തി. യുഎസ് ഓപ്പണ്‍ ഒന്നാം റൗണ്ടില്‍ രണ്ടാം സീഡ് റൊമാനിയയുടെ സിമോണ ഹാലെപ്പിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഷറപ്പോവ മടങ്ങിവരവ് രാജകീയമാക്കിയത്. 15 മാസമായിരുന്നു ഷറപ്പോവയ്ക്ക് വിലക്കുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണിനിടെയായിരുന്നു ഷറപ്പോവയ്ക്കു വിലക്കേര്‍പ്പെടുത്തിയത്. നിരോധിത മരുന്ന് കൈവശംവച്ചതിനായിരുന്നു ഷറപ്പോവയെ അന്താരാഷ്്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയും അന്താരാഷ്്ട്ര വനിതാ ടെന്നീസ് അസോസിയേഷനും വിലക്ക് ഏര്‍പ്പെടുത്തിയത്. മേയ് മാസത്തില്‍ വിലക്ക് തീര്‍ന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് തിരിച്ചുവരവ് വൈകുകയായിരുന്നു.
ഹാലെപ്പിനെതിരായ അത്യന്തം ആവേശകരമായ മത്സരം രണ്ടു മണിക്കൂറും 44 മിനിറ്റും നീണ്ടുനിന്നു. മറ്റൊരു മത്സരത്തില്‍ അഞ്ചാം സീഡ് ഡെന്മാര്ക്കിന്റെ കരോലിന് വോസ്നിയാക്കി റൊമാനിയയുടെ മിഹായേല ബുസാര്നെസ്കുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 6-1, 7-5. റൊമാനിയന്‍ താരത്തിന്റെ ആദ്യ ഗ്രാന്‍സ്്ലാം മത്സരമായിരുന്നു ഇത്. വോസ്നിയാക്കിയുടെ 100-ാം ഗ്രാന്‍സ്്ലാം മത്സരവിജയം കൂടിയാണിത്.
യുഎസ് ഓപ്പണിലെ ആദ്യ അട്ടിമറി ബ്രിട്ടന്റെ ജൊഹന്ന കോന്റയുടെതാണ്. സെര്‍ബിയയുടെ അലക്സാന്‍ഡ്ര ക്രുനിക് ഒന്നിനെതിരേ രണ്ടു സെറ്റിന് കോന്റയെ കെട്ടുകെട്ടിച്ചു. സ്കോര്‍: 4-6, 6-3, 6-4. സെര്‍ബിയന്‍ താരം ലോകറാങ്കിംഗില്‍ 78-ാം സ്ഥാനക്കാരിയും കോന്റ ഏഴാം സീഡുമാണ്. 2014-ലെ യുഎസ് ഓപ്പണില്‍ ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തിയ താരമാണ് ക്രുനിക്.
അമേരിക്കയുടെ വീനസ് വില്യംസ് യുഎസ് ഓപ്പണില്‍ ആദ്യം കളിച്ചതിന്റെ 20-ാം വാര്‍ഷികം ജയത്തോടെ ആഘോഷിച്ചു. 1997ല്‍ പതിനേഴുകാരി ലാത്വിയയുടെ ലാറിസ നീലാന്‍ഡിനെ 5-7, 6-0, 6-1 എന്ന സ്കോറിനു പരാജയപ്പെടുത്തിയായിരുന്നു വീനസിന്റെ യുഎസ് ഓപ്പണ്‍ അരങ്ങേറ്റം. വീനസ് നേടിയ ഏഴു ഗ്രാന്സ്്ലാമുകളില് രണ്ടെണ്ണം യുഎസ് ഓപ്പണാണ്. സ്ലൊവാക്യയുടെ വിക്ടോറിയ കുസുമോവയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് വീനസ് കഴിഞ്ഞദിവസം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 3-6, 6-2.
2000ലും 2001ലും ഇവിടെ കിരീടം ചൂടിയ വീനസിന് അഞ്ചു വിംബിള്‍ഡണ്‍ കിരീടങ്ങളുമുണ്ട്. ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയും ആദ്യറൗണ്ട് ജയിച്ചു. യെലേന യാങ്കോവിച്ചിനെയാണ് ക്വിറ്റോവ പരാജയപ്പെടുത്തിയത്. ഗാര്ബിന് മുഗുരുസ, പ്ലീഷ്കോവ എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
പുരുഷ വിഭാഗത്തില്‍ ക്രൊയേഷ്യയുടെ മാരിന് സിലിച്ച് ആദ്യ റൗണ്ടില്‍ വിജയം കണ്ടു. വിംബിള്‍ഡണ്‍ ഫൈനലില്‍ പരാജയപ്പെട്ട സിലിച്ച് അമേരിക്കയുടെ ടെന്നിസ് സാന്ഡ്ഗ്രെനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 6-3, 3-6, 6-3. അതേസമയം, ഓസ്ട്രേലിയയുടെ ബെര്‍ണാഡ് ടോമിക് ആദ്യറൗണ്ടില്‍ തോറ്റു. ലക്സംബര്‍ഗിന്റെ ഗൈല്‍സ് മുള്ളറാണ് ടോമിക്കിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 3-6, 6-3, 6-4, 6-4.
അമേരിക്കയുടെ ജോണ്‍ ഇസ്നര്‍, ജര്‍മനിയുടെ മിഷ സ്വരേവ്, അലക്സാന്ഡണ് സ്വരേവ്, ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ, സ്പെയിനിന്റെ ഡേവിഡ് ഫെറര്‍ തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.