തൃശൂർ: പുല്ലഴി ക്രിസ്റ്റീന ഹോമിന്റെ മുറ്റത്ത് ഇന്നലെ പോലീസ് ജീപ്പ് വന്നുനിന്നത് ഓണസമ്മാനങ്ങളും മധുരപലഹാരങ്ങളുമായായിരുന്നു. ക്രിസ്റ്റീന ഹോമിലെ കുരുന്നുകൾക്കു സമ്മാനങ്ങൾ നൽകിയ പോലീസുകാർ അവർക്കായി ഓണപ്പാട്ടുകളും പാടി.
തൃശൂർ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് പുല്ലഴി ക്രിസ്റ്റീന ഹോമിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചത്. എല്ലാവർക്കുമായി കിടിലൻ ഓണസദ്യയും പോലീസ് ഒരുക്കിയിരുന്നു. സിഐ ജെ. മാത്യു, എസ്ഐ അനീഷ്, അഡീഷണൽ എസ്ഐമാരായ ഒൗസേഫ്, എസ്ഐ ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ 35 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്.
എസിപി എ. വാഹിദും സഹപ്രവർത്തകരോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തു. ക്രിസ്റ്റീന ഹോം ഡയറക്ടർ ഫാ. ജോണ്സണ് ചാലിശേരിയുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ഷീല ചക്കാലയ്ക്കൽ, സിസ്റ്റർ ബേബി, സിസ്റ്റർ റോസിലി, സിസ്റ്റർ ബിന്ദു, അന്തേവാസികളായ അമ്മിണി, പ്രീത എന്നിവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.