തൃശൂർ: അറിവില്ലായ്മ കൊണ്ടോ തെളിവില്ലെന്നതുകൊണ്ടോ ഈ ഭൂമുഖത്ത് നിന്ന് ഒരു അപൂർവ ജീവിയും ഇല്ലാതാകരുത് – ഇത് ഡിജോ എന്ന വന്യജീവി സംരക്ഷകന്റെ വാക്കുകൾ. അജ്ഞാത ജീവിയെന്നും അപൂർവ ജീവികളെന്നും വിളിക്കുന്ന ജീവികളെ തേടിയുള്ള യാത്രയിലാണ് ഡിജോ.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ ജീവികളെ അറിയാതെ കൊന്നൊടുക്കുന്ന പ്രവണത കൂടി വരുന്നതിനെതിരെയാണ് ഡിജോയുടെ ഒറ്റയാൾ പോരാട്ടം. തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോഴികളേയും ആടിനേയുമൊക്കെ കടിച്ചു കൊന്ന അജ്ഞാത ജീവിയെപോലുള്ളവയുടെ ജാതകം തേടിയാണ് ഡിജോ അക്ഷരാർത്ഥത്തിൽ അലയുന്നത്.
അജ്ഞാതജീവിയെന്ന് മാധ്യമങ്ങളും ശാസ്ത്രജ്ഞരും വിളിക്കുന്ന ആ ജീവി കങ്കാരു ഇനത്തിൽ പെട്ട ചോര കുടിക്കുന്ന അപൂർവ ഇനം ജീവിയാണെന്നാണ് ഡിജോയുടെ വാദം. ഒരു വർഷം മുന്പ് വെങ്കിടങ്ങിൽ ഈ ജീവി കെണിയിൽ കുടുങ്ങിയിരുന്നുവെന്നും എന്നാൽ ഇത് രോമം കൊഴിഞ്ഞ മരപ്പട്ടിയാണെന്ന വന്യജീവി ശാസ്ത്രജ്ഞന്റെ വാക്കുകളെ തുടർന്ന് ഇതിനെ വിട്ടയക്കുകയുമായിരുന്നുവത്രെ. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇതിനെ പകൽ സമയം കണ്ടവരുമുണ്ട്. ആടിന്റെ കഴുത്തിൽ കടിച്ച് വലിക്കുന്നത് കണ്ടവരുണ്ട്.
കെണിയിൽ കുടുങ്ങിയ ആ ജീവി അപൂർവ ഇനത്തിൽ പെട്ട ചോരകുടിയൻ കങ്കാരുവർഗത്തിൽ പെട്ട ജീവിതന്നെയാണെന്നും താനങ്ങനെ വിശ്വസിക്കുന്നതിന് ശാസ്ത്രീയമായ പല കാരണങ്ങളുണ്ടെന്നും ഡിജോ പറയുന്നു.ഇവയെ ശരിയാം വിധം സംരക്ഷിച്ചില്ലെങ്കിൽ ഇവയ്ക്ക വംശനാശം സംഭവിക്കുമെന്നും അതിനാൽ ഇവയെ പിടികൂടാനോ കൊല്ലാനോ മാംസത്തിനു വേണ്ടിപിടികൂടാനോ ശ്രമിക്കരുതെന്ന് ഡിജോ നാട്ടുകാരടക്കമുള്ളവരോട് അപേക്ഷിക്കുന്നു.
ചിലപ്പോൾ ആകെ പത്തിൽ താഴെ എണ്ണം മാത്രമേ ഇതുണ്ടാകൂ. അതിൽ ആണുംപെണ്ണും ഉണ്ടെങ്കിൽ മാത്രമേ ആ ജന്തുവർഗം വംശനാശം സംഭവിക്കാതെ നിലനിൽക്കു. അതിനാൽ അവയെ വെറുതെ വിടുക – ഇതാണ് ഡിജോക്ക് പറയാനുള്ളത്.
രക്ത അധിക എന്നാണ് ഈ ചോരകുടിയൻ കങ്കാരുവർഗത്തിൽ പെട്ട ജീവിക്ക് ഡിജോ നൽകിയ പേര്.
കണ്ടൽകാടുകളിലും രാമച്ചകാടുകളിലുമാണ് ഇത് കഴിയാനിഷ്ടപ്പെടുന്നതെന്നും അതിനാൽ കണ്ടൽക്കാടുകളുടെ സംരക്ഷണം കൂടി ഇതിന്റെ ഭാഗമായി നടത്തണമെന്നും ഡിജോ ഓർമിപ്പിക്കുന്നു.വിരലുകൾക്കിടയിൽ താറാവുകൾക്കുള്ള പോലെ ചർമ്മമുള്ളതിനാൽ വെള്ളത്തിലൂടെ സഞ്ചരിക്കാൻ ഇതിന് ബുദ്ധിമുട്ടില്ലത്രെ.
ഫാക്ട്സ്, ഫീച്ചേഴ്സ്, ഫാക്ടേഴ്സ് എക്സട്രാ ബേസ്ഡ് – ന്യൂ സ്പീഷ്യസ് – സയന്റിഫിക്കലി പ്രൂവിങ് മെത്തേഡ് വഴിയുമൊക്കെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമൊക്കെ പരിശോധിച്ചും അവലോകനം നടത്തിയുമാണ് പുതിയ ജീവിവർഗത്തെ കണ്ടെത്തി സ്ഥിരീകരിക്കുന്നതെന്ന് ഡിജോ വിശദീകരിച്ചു.
കങ്കാരുവിന്റെ കുടുംബമായ മാക്രപോഡുമായി അടുത്ത ബന്ധമുള്ള പുതിയ സ്പീഷ്യസും പുതിയ ഫാമിലിയുമാണ് രക്ത അധിക എന്ന് ഡിജോ പറയുന്നു. ആന്ധ്രയിലെ തിരുപ്പതിയിൽ നടന്ന 104-ാമത് ഇന്ത്യൻ സയൻസ് കോണ്ഗ്രസിൽ രക്ത അധികയെക്കുറിച്ചും നീലഗിരിക്കടുവ എന്ന ജീവിവർഗത്തെക്കുറിച്ചും ഡിജോ രണ്ടു പ്രബന്ധങ്ങൾ അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വേറിട്ട രൂപഭാവത്തിൽ കാടും മേടും നാടും അലയുന്ന ഡിജോയ്ക്ക് സാന്പത്തികമായി പിന്തുണയോ പ്രോത്സാഹനമോ കിട്ടാറില്ലെങ്കിലും ഇയാൾക്ക് ഭ്രാന്താണെന്ന് പലരും പറയുന്നുണ്ടെങ്കിലും അതൊന്നും കുസാക്കാതെ ഡിജോ തന്റെ യാത്ര തുടരുകയാണ്. ഭൂമിയിൽ അവശേഷിക്കുന്ന രക്ത അധികയെ പോലുള്ള വംശനാശഭീഷണി നേരിടുന്ന അപൂർവ ജീവികളെ ഈ ഭൂമുഖത്ത് നിന്ന് ഇല്ലായ്മ ചെയ്യുന്നത് തടയാനുള്ള നിശബ്ദ ദൗത്യവുമായി.