പാനൂർ: സെൻട്രൽ പൊയിലൂരിൽ അയൽവാസിയെ വെടിവച്ചും ബോംബെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ദിവസമായിട്ടും തോക്കോ തിരയോ കണ്ടെത്താനാകതെ കൊളവല്ലൂർ പോലീസ് കുഴങ്ങി. ഇതിനിടയിൽ അറസ്റ്റിലായ പടിഞ്ഞാറയിൽ ബാലൻ എന്ന പരുന്ത് ബാലൻ താൻ വെടിവച്ചില്ലെന്നും തോക്ക് തന്റെ കൈവശമില്ലെന്നും പോലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യൽ തുടരുകയാണെങ്കിലും തോക്കിന്റെ കാര്യം പ്രതി നിഷേധിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പ്രതി ബാലൻ ഭാര്യയെ ഫോണിൽ വിളിച്ചെന്നാരോപിച്ച് അയൽവാസി പാറായി രതീഷനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.രതീഷ് നൽകിയ പരാതിയിൽ ബാലൻ തനിക്കെതിരെ മൂന്ന് റൗണ്ട് വെടിവച്ചതായി പറയുന്നുണ്ട്.
കൂടാതെ പരിസരവാസികളും വെടിവച്ച കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വെടിവെച്ച കാര്യം സ്ഥിരീകരിക്കുന്നതോടെ അനധികൃത തോക്കിന്റെ ഉറവിടവും പ്രതി നൽകേണ്ടി വരും. ബാലന്റെ കൈയിൽ തോക്കെത്തിയതെങ്ങനെയെന്ന് പോലീസ് രഹസ്യമായി അന്വേഷിച്ചുവരികയാണ്.