കൊളംബോ: ലങ്കന്വേട്ട തുടരാന്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയിൽ. ധോണിയുടെ 300-ാമത്തെ ഏകദിനമത്സരമാണ് ഇന്ന്. ഈ മത്സരത്തില്‍, അസന്തുലിതാവസ്ഥയില്‍ നില്ക്കുന്ന ലങ്കയ്ക്കെതിരേ അവിസ്മരണീയ പ്രകടനം കാഴ്ചവയ്ക്കും എന്ന പ്രതീക്ഷയിലാണ് ധോണിയുടെ ആരാധകര്‍.
ഇന്നത്തെ മത്സരം കഴിയുന്നതോടെ ധോണിയും എലൈറ്റ് ക്ലബ് 300ല്‍ അംഗമാകും. സച്ചിന് തെണ്ടുല്‍ക്കര്‍(463), രാഹുല്‍ ദ്രാവിഡ്(344), മുഹമ്മദ് അസ്ഹറുദ്ദീന്(334), സൗരവ് ഗാംഗുലി (311), യുവരാജ് സിംഗ് (304) എന്നിവരാണ് ഇപ്പോള്‍ ക്ലബ് 300ല്‍ ഉള്ളത്. ഈ പരമ്പരയില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആതിഥേയരെ പിന്തുടര്ന്നു വേട്ടയാടി വീഴ്ത്തിയതില്‍ മുന്‍ നായകന് ചെറുതല്ലാത്ത പങ്കുണ്ട്.
രണ്ട് ഏകദിനങ്ങളില്‍ യഥാക്രമം നേടിയ 45ഉം 67ഉം റണ്‍സുകള്‍, ധോണിയുടെ മാറ്റ് വ്യക്തമാക്കുന്നു. 2019 ലോകകപ്പ്, താരം ലക്ഷ്യം വയ്ക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവാണിത്. ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചിരുന്ന നായകന് എന്നനിലയില്‍ നിന്നു പുതുതലമുറയിലെ രോഹിത് ശര്‍മയ്ക്കും ഭുവനേശ്വര്‍ കുമാറിനും ഒപ്പം കളിക്കളത്തിലിറങ്ങിയപ്പോള്‍ ധോണി തന്റെ കളിശൈലിയും അല്പം ‘ന്യൂജെന്‍’ ആക്കി, ഏതു സാഹചര്യവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു.
ലങ്കന്‍ തുറുപ്പുചീട്ടായ സ്പിന്നര്‍ അകില ധനഞ്ജയ പോലും ധോണിയെ നീണ്ട സമ്മര്ദത്തിലാഴ്ത്തുന്നതില് പരാജയപ്പെട്ടു. പരന്പരയിൽ ഇന്ത്യ 3-0 എന്ന അനിഷേധ്യ മുന്‍തൂക്കം നേടിക്കഴിഞ്ഞു. ഇനിയുള്ള രണ്ട് ഏകദിനങ്ങളെയും ലോകകപ്പ് പരിശീലനമെന്ന നിലയിലാണ് നായകന് വിരാട് കോഹ്ലി കാണുന്നത്.