നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ‘മാഡത്തെ’ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണു തന്റെ മാഡമെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയതിന്റെ പിന്നാലെയാണു നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. അടുത്ത ദിവസങ്ങളില്‍തന്നെ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണു ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് മുമ്പു രണ്ടുതവണ അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്നെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ട് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.
വീണ്ടും വിളിപ്പിക്കുമ്പോള്‍ വരണമെന്നു നിര്‍ദേശത്തിലാണ് അന്നു കാവ്യയെ വിട്ടയച്ചിരുന്നത്. മാഡം താനാണെന്ന പള്‍സര്‍ സുനിയുടെ വെളി പ്പെടുത്തലിനെ തുടര്‍ന്നു നടി കാവ്യാമാധവന് നിയമോപദേശം തേടിയതായി സൂചനയുണ്ട്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അന്വേഷണ സംഘം സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഇവര്‍ക്കു പങ്കുള്ളതായി കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ആവര്‍ത്തിച്ച അന്വേഷണ സംഘം വേണ്ടിവന്നാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്നുമാത്രമാണു വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണു തന്റെ മാഡം കാവ്യയാണെന്നു സുനി വെളിപ്പെടുത്തിയത്.
അതേസമയം, കഴിഞ്ഞദിവസം പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ടിവിയില്‍ കണ്ട കാവ്യ കുഴഞ്ഞുവീണുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തന്റെ മാഡം കാവ്യയാണെന്ന് സുനി ചാനലുകളോട് പറഞ്ഞിരുന്നു. ഇതു ടിവിയില്‍ കണ്ട കാവ്യയ്ക്ക് ബോധക്ഷയമുണ്ടായെന്നും ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ തേടിയെന്നുമാണ് പരക്കുന്ന അഭ്യൂഹം. ആലുവയിലെ ദിലീപിന്റെ വീട്ടിലായിരുന്ന കാവ്യ ഇപ്പോള്‍ തന്റെ പേരിലുള്ള വെണ്ണലയിലെ ഫഌറ്റിലാണുള്ളത്. കൊച്ചിയിലേക്ക് സ്ഥിരതാമസമാക്കിയ സമയത്ത് കാവ്യ വാങ്ങിയതാണ് ഈ ഫഌറ്റ്. ദിലീപിന്റെ അമ്മയും മകളും ആലുവയിലെ വീട്ടില്‍ തന്നെയാണുള്ളത്.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ എന്തെന്നു വ്യക്തമാക്കാന്‍ തയ്യാറാകാത്ത അന്വേഷണ സംഘം കേസിനു പിന്നില്‍ മാഡം എന്നൊരാള്‍ ഇല്ലെന്ന നിലപാടായിരുന്നു ആദ്യം മുതല്ക്കേ ആവര്‍ത്തിച്ചിരുന്നത്. പള്‍സര്‍ സുനിയെ അറിയില്ലെന്നാണു തുടക്കം മുതല്‍ ദിലീപും കാവ്യയും പറഞ്ഞിരുന്നത്. എന്നാല്‍, പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നു ദിലീപിന്റെ െ്രെഡവര്‍ അപ്പുണ്ണി മൊഴി നല്‍കിയിരുന്നു. കാവ്യയുടെ ഡ്രൈവറായിരുന്ന പള്‍സറിനെ അവര്‍ക്കു പരിചയപ്പെടുത്തിയതു അപ്പുണ്ണിയായിരുന്നു. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ചശേഷം തിരിച്ചുപോകുമ്പോള്‍ സുനി എറണാകുളത്തെ ഒരു വീടിന്റെ മതില് ചാടിക്കടന്നുപോകുന്നതു സമീപത്തെ ഒരു സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.
സുനിയുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ വീടായിരുന്നു ഇത്. ഇവരെയാണു മാഡം എന്നുദ്ദേശിച്ചതെന്ന രീതിയില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും കാവ്യയുടെ ഉടമസ്ഥതയില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ലക്ഷ്യയുടെ ഓഫീസ് സംഭവശേഷം സുനി സന്ദര്‍ശിച്ച വിവരം പിന്നീടു പുറത്തുവന്നു. ഇതോടെയാണു കാവ്യാ മാധവനും അവരുടെ അമ്മ ശ്യാമളയും സംശയത്തിന്റെ നിഴലിലായത്. കാവ്യയുടെയും അമ്മയുടെയും മൊഴി എടുക്കുകയും കാവ്യയുടെ കാക്കനാട്ടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയും ചെയ്തെങ്കിലും സംഭവത്തിനു പിന്നില്‍ മാഡം എന്നൊരാള്‍ ഇല്ലെന്ന നിലപാടായിരുന്നു അന്വേഷണ സംഘത്തിന്റേത്. ഇതിനിടെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അഭിഭാഷകരില്‍നിന്നു കാവ്യ നിയമോപദേശം തേടിയെന്നാണു വിവരം. അതേസമയം കാവ്യയും കുടുംബവും വിദേശത്തു കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.