കോട്ടയം: കോട്ടയത്തിന് രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ കളക്ടർ. നിലവിലെ കോട്ടയം കളക്ടർ സി.എ ലതയെ തൽസ്ഥാനത്തുനിന്നും മാറ്റിയ ശേഷം രണ്ട് പേരെ കളക്ടർമാരായി നിയമിച്ചെങ്കിലും അവരാരും ചുമതലയേറ്റില്ല. ഇതോടെ സർക്കാർ മൂന്നാമത്തെയാളെ കോട്ടയം കളക്ടറായി നിയമിച്ചിരിക്കുകയാണ്. ബി.എസ് തിരുമേനിയെയാണ് പുതുതായി കോട്ടയത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബി.എസ് തിരുമേനിയെ കോട്ടയം കളക്ടറായി നിശ്ചയിച്ചത്.
ലതയ്ക്കു ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി നിയമനം നൽകി നവജ്യോത് ഖോസയെ കോട്ടയം കളക്ടറായി കഴിഞ്ഞ 16 നാണ് സർക്കാർ നിയമിച്ചത്. എന്നാൽ പഞ്ചാബ് സ്വദേശിയായ ഇവർ ചുമതല ഏറ്റെടുക്കാതെ നാലു മാസത്തെ മെഡിക്കൽ അവധിയെടുത്ത് ഉത്തരേന്ത്യയിൽ ജോലി നോക്കുന്ന ഭർത്താവിന്റെ സമീ പത്തേയ്ക്കു പോയി.
തുടർന്നു ഐടി മിഷന്റെയും ഇൻഫർമേഷൻ കേരള മിഷന്റെയും ഡയറക്ടറായ ശീറാം സാംബശിവറാവുവിനെ കോട്ടയം കളക്ടർമാരായി കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ അദ്ദേഹവും കോട്ടയത്തിന്റെ ചുമതലയേറ്റില്ല. ഐടി മിഷനിൽ തുടരാൻ അനുവദിക്കണമെന്ന ശീറാം സാംബശിവറാവുവിന്റെ അഭ്യർഥന മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിക്കുകയായിരുന്നു.
ഇതോടെയാണ് ഇന്നു ചേർന്ന മന്ത്രിസഭ ബി.എസ് തിരുമേനിയെ കോട്ടയം കളക്ടറായി നിയോഗിച്ചത്. നിലവിൽ ഗ്രാമവികസന കമ്മീഷണറാണ് തിരുമേനി. നേരത്തെ വയനാട് കളക്ടറായിരിക്കേ അനധികൃതമായി പ്രവർത്തിക്കുന്ന പാറ ക്വാറികൾക്കെതിരേ ബി.എസ്. തിരു മേനി ശക്തമായ നടപടി സ്വീകരിച്ചിരുന്നു.
ഖോസയെ കളക്ടറായി പ്രതീക്ഷിച്ച കോട്ടയം, ലതയ്ക്ക് കഴിഞ്ഞ 24 ന് തന്നെ യാത്രയയപ്പ് നൽകിയിരുന്നു. ഊഷ്മളമായ യാത്രയയപ്പ് ലഭിച്ചെങ്കിലും കളക്ടറുടെ സീറ്റിൽനിന്നു എണീക്കാൻ ലതയ്ക്കായില്ല. ചുമതല ലഭിച്ച തിരുമേനിയും കോട്ടയത്തേക്ക് എത്തിയില്ലെങ്കിൽ ലതയുടെ കാത്തിരിപ്പും നീളും.