സെബി മാത്യു
ന്യൂഡൽഹി: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം മാനഭംഗക്കേസിൽ അറസ്റ്റിലായതോടെ തൊഴിൽ നഷ്ടപ്പെട്ട പത്തു മലയാളികൾ ഉൾപ്പടെ 150 പേരുടെ സംഘം ഹരിയാനയിൽ കുടുങ്ങി. ഗുർമീതിന്റെ സിനിമകൾ നിർമിച്ചിരുന്ന പ്രൊഡക്ഷൻ കന്പനി ഹാകികാത് എന്റർടെയി ൻമെന്റ്സിലെ ജീവനക്കാരാണു ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ ഹരിയാനയിലെ സിർസയിൽ കുടുങ്ങിക്കിടക്കുന്നത്.
ഇപ്പോഴും സംഘർഷാവസ്ഥ തുടരുന്നതിനാൽ താമസസ്ഥലത്ത് വെള്ളമോ ഭക്ഷണമോ ഇ ല്ലെന്നു മലയാളിയും കോട്ടയം സ്വദേശിയുമായ ബിനീഷ് രാഷ്ട്രദീപികയോടു പറഞ്ഞു. സിർസയിൽ ഗതാഗതം പോലും സാധാരണ നിലയിലായിട്ടില്ലാത്തതിനാൽ ഹരിയാനയുടെ പുറത്തേക്കു കടക്കാനും പറ്റാത്ത അവസ്ഥായാണ്.
സിർസയിലെ ദേര സച്ചാ സൗദ ആസ്ഥാനത്തോട് ചേർന്നാണു ഹാകികാതിന്റെ ഓഫീസും പ്രവർത്തിച്ചിരുന്നത്. ഗുർമീത് റാം റഹീമിന്റെ മെസഞ്ചർ ഓഫ് ഗോഡ് സിനിമ പരന്പരയുടെ അണിയറ പ്രവർത്തകരാണ് മലയാളികൾ ഉൾപ്പടെയുള്ള സംഘം. ഒരു വർഷമായി ഗുർമീതിന്റെ ഓണ്ലൈൻ ഗുരുകുൽ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലായിരുന്നു ഇവർ. അനിമേഷൻകാരും മറ്റ് ടെക്നീഷ്യൻമാരും ഉണ്ട്.
50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശന്പളം ലഭിച്ചിരുന്ന ഇവരെ കൂടുതൾ ശന്പളം വാഗ്ദാനം ചെയ്താണു മറ്റു സ്ഥാപനങ്ങളിൽ നിന്നുഗുർമീതിന്റെ അനുചരൻമാർ ഇവിടെയെത്തിച്ചത്. സി.പി അറോറ, ജോണി ഇൻസാൻ എന്നിവർക്കായിരുന്നു ഹാകികാതിന്റെ ചുമതല. സിനിമകളുമായി ബന്ധപ്പെട്ടു ഗുർമീത് പതിവായി ഇവിടെയെത്താറുണ്ടെങ്കിലും ജീവനക്കാരാടൊന്നും അടുത്തിടപഴകിയിരുന്നില്ല.
കഴിഞ്ഞ മാസം വരെ ഇവർക്കു കൃത്യമായ ശന്പളം ലഭിച്ചു. എന്നാൽ, ഇന്നലെ ഉച്ചയോടെ ദേര സച്ചാ അധികൃതർ ഇവരെ വിളിച്ച് ഇനി ജോലിയില്ല എന്ന് അറിയിക്കുകയായിരുന്നു. ഈ മാസത്തെ ശന്പളത്തെക്കുറിച്ചോ ഒന്നും പറ ഞ്ഞിട്ടില്ല. ദേര സച്ചയുടെ സ്വത്ത് മുഴുവൻ കണ്ടുകെട്ടിയെന്നും പിരിഞ്ഞു പോയ്ക്കൊള്ളാനും മാത്രമാണ് ഇവരോട് അറിയിച്ചിരിക്കുന്നത്.
ആശ്രമത്തിനു പുറത്ത് താമസിച്ചിരുന്നവർ ഈ മാസത്തെ വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. പ്രദേശത്ത് റസ്റ്റോറന്റുകളോ കടകളോ തുറന്നിട്ടില്ല. സംഘർഷാവസ്ഥ രൂക്ഷമായതോടെ പലരും ആശ്രമത്തിനു വെളിയിൽ കടന്ന് ചെറിയ ഹോട്ടലുകളിലേക്കു താമസം മാറ്റിയിരുന്നു. എന്നാൽ, ജോലി നഷ്ടപ്പെട്ടതോടെ ഇപ്പോൾ ഇവിടുത്തെ വാടക കൊടുക്കാൻ പോലും നിവൃത്തിയില്ല.