മങ്കൊന്പ്: മണ്ണിട്ടുയർത്തി ടാറിംഗ് നടത്തുന്നതിനായി തുകയനുവദിച്ചു മാസങ്ങൾ പിന്നിട്ടിട്ടും റോഡിന്റെ പണികൾ ആരംഭിക്കാത്തത് ഗ്രാമപഞ്ചായത്തധികൃതരുടെ അനാസ്ഥമൂലമെന്ന് ആക്ഷേപം. കാവാലം ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് കിഴക്കേകുന്നുമ്മ കണ്ണൻകുടുക്ക മുതൽ ലിറ്റിൽഫ്ളവർ ഹൈസ്കൂൾ വരെയുള്ള റോഡാണ് ഗ്രാമപഞ്ചായത്തിന്റെ അവഗണനയെത്തുടർന്ന് കുളമായിക്കിടക്കുന്നത്.
റോഡിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മൂലേശേരി, കണ്ണൻകുടുക്ക ജംഗ്ഷനുകളുടെ വാണിജ്യ പ്രാധാന്യം കുറഞ്ഞതോടെ അക്കാലത്തെ ഏറ്റവും തിരക്കുണ്ടായിരുന്ന വഴിയുടെ പ്രാധാന്യവും കുറഞ്ഞു.
പിന്നീട് സ്കൂൾ വിദ്യാർഥികളാണ് ഏറ്റവുമധികം യാത്രചെയ്യുന്നത്. ഇതിനു പുറമെ വടക്കൻ വെളിയനാട്, മാടാന്പക്ക പാടശേഖരത്തിന്റെ കിഴക്കേ പുറംബണ്ടിലെ താമസക്കാർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് തട്ടാശേരി ജംഗ്ഷനിലേക്കു പോകാൻ ഈ വഴിയെ ആശ്രയിക്കുന്നു.
കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളാണ് ഇതുവഴി സ്കൂളിലേക്കു പോകുകയും വരികയും ചെയ്യുന്നത്. സമീപത്തുള്ള സെന്റ് ആന്റണീസ് പ്രീ പ്രൈമറി സ്കൂളിലെ കുരുന്നുകളും ഇതുവഴി യാത്രചെയ്താണെത്തുന്നത്. കാവാലം പള്ളിയിലേക്ക് ആരാധനയ്ക്കായി പുലർച്ചയെത്തുന്ന വിശ്വാസികളും വഴിയുടെ ശോചനീയാവസ്ഥ മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
ലിറ്റിൽ ഫ്ളവർ സ്കൂളിന്റെ വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജില്ലാപഞ്ചായത്തംഗം കെ.കെ. അശോകനെ രക്ഷിതാക്കളും സ്കൂളധികൃതരും വഴിയുടെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി. ഇതെത്തുടർന്ന് അദ്ദേഹം മുൻകൈയേടുത്ത് റോഡ് നിർമാണത്തിനായി തുകയനുവദിക്കുകയായിരുന്നു.
റോഡ് മണ്ണിട്ടുയർത്തി ടാറിംഗ് നടത്തുന്നതിനായി എട്ടുലക്ഷത്തിലധികം രൂപയാണ് അനുവദിച്ചത്. എന്നാൽ ഇതിനുശേഷം ഇപ്പോൾ മൂന്നു മാസം പിന്നിടുന്പോഴും പണികൾ ഒന്നുംതന്നെ ആരംഭിക്കാനായിട്ടില്ല. ഗ്രാമപഞ്ചായത്തിന്റെ താത്പര്യക്കുറവു മൂലമാണ് പണികൾ ആരംഭിക്കാത്തതെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതി.
കാലവർഷം ശക്തിപ്രാപിച്ചതോടെ റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമായി. നാലു മീറ്റർവരെ വീതിയുള്ള റോഡിന്റെ ഇരുവശത്തും കാടുപിടിച്ച നിലയിലാണ്.ഇക്കാരണത്താൽ ഇതുവഴി തനിച്ചു യാത്രചെയ്യാൻ വിദ്യാർഥികൾ ഭയക്കുന്നു. എന്നാൽ റോഡിന്റെ നിർമാണക്കരാർ ഏറ്റെടുക്കാൻ ആരും തയാറാകാത്തതാണ് പണികൾ ആരംഭിക്കാത്തതെന്നാണ് ഗ്രാമപഞ്ചായത്തധികൃതരുടെ വിശദീകരണം.
രണ്ടു തവണ ടെണ്ടർ ക്ഷണിച്ചങ്കിലും കരാറെടുക്കാൻ ആരും തയാറായില്ല. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഓപ്പണ് ടെണ്ടർ വിളിക്കാനുള്ള തീരുമാനമെടുത്തതായി പ്രസിഡന്റ് സന്ധ്യാ രമേശ് പറഞ്ഞു.