കോതമംഗലം: തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുത്തിയ പുതിയ നിബന്ധന പദ്ധതി നടത്തിപ്പിനെ മന്ദഗതിയിലാക്കി. ഇതോടെ തൊഴിൽ ലഭിക്കാതെ തൊഴിലാളികൾ വലയുന്നു. പദ്ധതിയിൽ ഏറ്റെടുക്കാവുന്ന തൊഴിലുകൾ പരിമിതപ്പെടുത്തിയതും തൊഴിലുറപ്പിനെ ബാധിക്കും. കനാൽ, തോട്, റോഡ് ശുചീകരണം പോലുള്ള ജോലികളൊന്നും ഏറ്റെടുക്കാനാവില്ല. മുൻവർഷം പദ്ധതിയിലുൾപ്പെട്ട സ്ഥലത്തും ഇനി അനുവദിക്കില്ല.
മുൻകാലങ്ങളിൽ നിന്നു വ്യത്യസ്ഥമായി നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു തൊഴിൽ ഉൾപ്പെടുത്തണമെങ്കിൽ ഇതുസംബന്ധിച്ച എല്ലാ വിശദാംശങ്ങളും ആദ്യഘട്ടത്തിൽതന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ ഉൾപ്പെടെ നൽകി അനുമതി ലഭ്യമാക്കണം. കളക്ടറുടെ അനുമതിയും പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരവും തുടർന്ന് ഭരണാനുമതിയും വാങ്ങണം.
ഈ സാന്പത്തിക വർഷം മുതലാണ് ഈ നിബന്ധന കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നത്. നേരത്തെ ആക്ഷൻ പ്ലാൻ പ്രകാരം ഏറ്റെടുക്കുന്ന തൊഴിലിന് പഞ്ചായത്ത് കമ്മിറ്റിയുടെ മാത്രം അനുമതി മതിയായിരുന്നു. നിർമാണം പൂർത്തീകരിച്ചശേഷമാണ് ഫോട്ടോ നൽകേണ്ടിയിരുന്നത്.
പുതിയ നിബന്ധന പ്രാബല്യത്തിലായതോടെ പദ്ധതികൾ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ സൂക്ഷ്മത വരുത്തി കളക്ടറുടെ അനുമതിക്കായി കാത്തിരിക്കണം. ഇവയെല്ലാമായതോടെ പദ്ധതി നടത്തിപ്പിന് പഴയ വേഗത നഷ്ടപ്പെട്ടിരിക്കുകയാണ്.
ഈ സാന്പത്തിക വർഷം അഞ്ചു മാസം പിന്നിടുന്പോഴും പല പഞ്ചായത്തുകളിലും പദ്ധതി മന്ദഗതിയിലാണ്. ഇതുവരെ ഒരു നിർമാണവും ഏറ്റെടുക്കാൻ കഴിയാത്ത പഞ്ചായത്തുകളുമുണ്ട്.
കഴിഞ്ഞ വർഷം ജൂലൈ മുതൽ തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചിരുന്നു. ഇത്തവണത്തെ ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വരുമാനമില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. അവശേഷിക്കുന്ന ഏഴ് മാസത്തിനുള്ളിൽ ഒരു കുടുബത്തിന് 100 തൊഴിൽ ദിനങ്ങൾ എന്ന ഉറപ്പ് യാഥാർഥ്യമാകാനുമിടയില്ല.