കോഴിക്കോട്: കോഴിക്കോട് നിന്നും ബംഗളുരുവിലേക്കു പോയ കെഎസ്ആർടിസി ബസിൽ കൊള്ള. യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള. ഇന്ന് പുലർച്ചെ മൂന്നോടെ മൈസുരുവിനും ബംഗളുരുവിനും ഇടയിലെ ചിന്നപട്ടണയ്ക്കു സമീപമായിരുന്നു സംഭവം. ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി പുറത്തിറങ്ങിയ സമയം ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊള്ള നടത്തിയത്. രണ്ടു ബൈക്കുകളിലായാണ് ഇവർ എത്തിയത്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് ബസ് കോഴിക്കോടുനിന്നും പുറപ്പെട്ടത്. സുൽത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരുടെ കഴുത്തിൽ അരിവാൾവച് ഭീഷണിപ്പെടുത്തി. 45 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലായിരുന്നു.ഡ്രൈവർ ഓടിയെത്തി ബസെടുക്കാൻ ശ്രമിച്ചപ്പോൾ കവർച്ചക്കാർ ഇറങ്ങിയോടി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. പുലർച്ചെയായതിനാൽ ബൈക്ക് നന്പർ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് യാത്രക്കാർ മൊഴി നൽകി. ചിക്കനെല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.