കുറുമാത്തൂര്‍: ആസുരശക്തികളെ കാലത്തിന്റെ ചവറുകൂനയിലേക്ക് തള്ളി കോണ്‍ഗ്രസ് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവരുന്നത് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കുറുമാത്തൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇത്തവണ വിലക്കയറ്റത്തിന്റെ പോക്ക് കണ്ടാല്‍ കാണം വിറ്റാല്‍ പോലും മലയാളിക്ക് ഓണമുണ്ണാന്‍ സാധിക്കാത്ത നിലയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എ.കെ.ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി അംഗം കല്ലിങ്കീല്‍ പത്മനാഭന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.ജനാര്ദ്ദനന്, എ.ഡി.സാബൂസ്, ഇ.ടി.രാജീവന്, കെ.സി.വിജയന്, കെ.നബീസാബീവി, പി.എം.പ്രേംകുമാര്‍, കെ.വി.നാരായണന്‍കുട്ടി, കെ.വി.നിഷാദ്, കെ.അബ്ദുള്‍ റഷീദ് പന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.