കൊളംബോ: സിംഹക്കൂട്ടില്‍ കടന്നാക്രമിച്ച ഇന്ത്യ ശ്രീലങ്കയെ വീണ്ടും പഞ്ഞി ക്കിട്ടു. സ്വന്തം നാട്ടില്‍ ഇനിയും കഷ്ടകാലം അവസാനിക്കാത്ത ശ്രീലങ്ക അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയോടു തോറ്റു. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 168 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്വന്തം നാട്ടില്‍ ശ്രീലങ്ക വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണ് കൊളംബോയിലേത്. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 4-0നു മുന്നിലെത്തി. എയ്ഞ്ചലോ മാത്യൂസ്(70), സിരിവര്‍ധനെ(39) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ലങ്കന്‍ നിരയില്‍ പൊരുതാന്‍ പോലും കഴിഞ്ഞില്ല.
രണ്ടു സെഞ്ചുറികള്‍, പിന്നെ അപ്രതീക്ഷിത തകര്‍ച്ച വീണ്ടും ഗംഭീര ബാറ്റിംഗിലൂടെ മികച്ച ഫിനിഷിംഗ്, ഇതാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ സംക്ഷിപ്തം. ഇതിനൊപ്പം ശ്രീലങ്കന്‍ ഫീല്‍ഡര്‍മാരുടെ കൈകളിലെ ചോര്‍ച്ച കൂടിയായപ്പോള്‍ ഇന്ത്യ നാലാം ഏകദിനത്തില്‍ നേടിയത് അഞ്ചു വിക്കറ്റിന് 375 റണ്‍സ്. നായകനും ഉപനായകനും ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് സെഞ്ചുറികളുമായി മടങ്ങി.
വിരാട് കോഹ്ലി (131), രോഹിത് ശര്‍മ (104) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യന്‍ സ്കോറിംഗിന് അടിത്തറയിട്ടത്. രണ്ടാം വിക്കറ്റില്‍ 219 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ത്തത്. അതിനു വേണ്ടിവന്നതാകട്ടെ, 165 പന്തും. കോഹ് ലിയുടെ 29-ാമത്തെയും രോഹിതിന്റെ 13-ാമത്തെയും ഏകദിന സെഞ്ചുറികളായിരുന്നു ഇന്നലെ കൊളം ബോയിൽ പിറന്നത്.
സെഞ്ചുറി നേട്ടത്തിൽ കോഹ്ലിക്കു മുന്നില്‍ ഇതിഹാസങ്ങളായ സച്ചിന് തെണ്ടുല്‍ക്കറും റിക്കി പോണ്ടിംഗുമാണുള്ളത്. നായകനും ഉപനായകനും തകര്‍ത്തുകളിച്ചതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 225 റണ്‍സ് എന്ന നിലയിലായിരുന്നു. ഇതു രണ്ടാം തവണയാണ് ഇരുവരും ചേർന്ന് ഡബിൾസെഞ്ചുറി കൂട്ടുകെട്ട് പടുത്തു യർത്തുന്നത്.
ഈ ബാറ്റിംഗ് കണ്ടപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോറായ 444 റണ്‍സിനു ഭീഷണി ഉയരുമെന്നു തോന്നി. എന്നാല്‍ അപ്രതീക്ഷിതമായി നേരിട്ട വിക്കറ്റ് വീഴ്ച ഇന്ത്യയെ 375 റണ്‍സില്‍ ഒതുക്കുകയായിരുന്നു. നാലാം നമ്പരിലേക്കു പ്രമോട്ട് ചെയപ്പെട്ട ഹര്‍ദിക് പാണ്ഡ്യക്കും കെ.എല്‍. രാഹുലിനും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ആറു റണ്‍സുള്ളപ്പോള്‍ ശിഖര്‍ ധവാനെ (4) നഷ്ടമായി. ഇതിനുശേഷമാണ് ഇന്ത്യയുടെ കരുത്തുറ്റ കൂട്ടുകെട്ട് പിറന്നത്.
30-ാം ഓവറില്‍ കോഹ്ലിയെ (131) പുറത്താക്കിക്കൊണ്ട് ലസിത് മലിംഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 96 പന്തില്‍ 17 ഫോറും രണ്ടു സിക്സുമാണ് കോഹ് ലി പായിച്ചത്. കോഹ് ലിക്കു പിന്നാലെ പ്രമോട്ട് ചെയ്യപ്പെട്ട് ബാറ്റിംഗിനെത്തിയ ഹര്‍ദിക് പാണ്ഡ്യക്ക് (19) ബാറ്റിംഗിനു കിട്ടിയ അവസരം വിനിയോഗിക്കാനായില്ല. എയ്ഞ്ചലോ മാത്യൂസിനായിരുന്നു വിക്കറ്റ്.
അടുത്ത പന്തില്‍ രോഹിതിനെയും മാത്യൂസ് പുറത്താക്കി. 88 പന്തില്‍ 11 ഫോറും മൂന്നു സിക്സുമാണ് ഓപ്പണര്‍ പായിച്ചത്. രാഹുല്‍ (7) തുടര്‍ച്ചയായ മൂന്നാം തവണയും അകില ധനഞ്ജയ്ക്കു മുന്നില്‍ കീഴടങ്ങി. 49 റണ്‍സിനുള്ളിലാണ് ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ വീണത്.
300-ാം മത്സരത്തിനിറങ്ങിയ മഹേന്ദ്ര സിംഗ് ധോണിയും ഇത്തവണ ടീമില്‍ അവസരം ലഭിച്ച മനീഷ് പാണ്ഡെയും ഗംഭീരമായി ബാറ്റ് ചെയ്തതോടെ ലങ്കയുടെ പിടി അയഞ്ഞു. ടീമിന് ആവശ്യമുള്ളപ്പോള്‍ തന്റെ ബാറ്റിംഗ് എത്രമാത്രം മികച്ചതാണെന്ന് ധോണി ഒരിക്കല്‍ക്കൂടി കാണിച്ചു കൊടുത്തു.
ഇരുവരുടെയും തകര്‍പ്പന്‍ ബാറ്റിംഗിനു പുറമെ ലങ്കക്കാർ മിസ്ഫീല്ഡിംഗിലൂടെ ക്യാച്ചുകള്‍ നഷ്ടമാക്കുകയും ചെയ്തതോടെ റണ്‍സ് ഒഴുകിയെത്തി. ധോണി-പാണ്ഡെ ആറാം വിക്കറ്റ് കൂട്ടുകെട്ട് 77 പന്തില്‍ 101 റണ്‍സാണ് അടിച്ചെടുത്തത്. പാണ്ഡെ (50), ധോണി (49) എന്നിവര്‍ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക തുടക്കത്തിലേ തകര്‍ന്നിടിഞ്ഞു. സ്കോര്‍ബോര്‍ഡില്‍ 68 റണ്‍സ് മാത്രമുള്ളപ്പോള്‍ നാലു വിക്കറ്റുകള്‍ നിലം പതിച്ചു. പ്രധാന താരങ്ങളുടെ അഭാവത്തില്‍ ലങ്ക ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ നന്നേ പാടുപെട്ടു. മാത്യൂസും സിരിവര്‍ധനയും ചേര്‍ന്നുള്ള കൂട്ടുകെട്ട് മാത്രമാണ് അല്പം ആശ്വാസമായത്.
ഇന്ത്യക്കായി കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ആദ്യ ഏകദിനത്തിനിറങ്ങിയ ശാര്‍ദൂല്‍ ഠാക്കുര്‍ ഒരു വിക്കറ്റ് നേടി.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ നോട്ടൗട്ടായിനിന്ന ബാറ്റ്സ്മാന് എന്ന റിക്കാര്‍ഡ് ഇനി മഹേന്ദ്രസിംഗ് ധോണിയുടെ പേരില്‍; 73. ചാമിന്ദവാസിന്റെയും ഷോണ്‍ പൊള്ളോക്കിന്റെയും (72) റിക്കാര്‍ഡാണ് ധോണി പഴങ്കഥയാക്കിയത്.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി ഡിക്വെല ബി മാത്യൂസ് 104, ധവാന് സി പുഷ്പകുമാര ബി ഫെര്‍ണാണ്ടോ 4, കോഹ് ലി സി മുനവീര ബി മലിംഗ 131, പാണ്ഡ്യ സി ഹസരംഗ ബി മാത്യൂസ് 19, രാഹുല്‍ സി ഹസരംഗ ബി ധനഞ്ജയ 7, മനീഷ് പാണ്ഡെ നോട്ടൗട്ട് 50, ധോണി നോട്ടൗട്ട് 49 എക്സ്ട്രാസ് 11, ആകെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 375.
ബൗളിംഗ്
മലിംഗ 10-0-82-1, ഫെര്‍ണാണ്ടോ 8-1-76-1, മാത്യൂസ് 6-2-24-2, പുഷ്പകുമാര 9-0-65-0, ധനഞ്ജയ 10-0-68-1, ഹസരംഗ 2-0-19-0, സിരിവര്‍ധന 5-0-36-0.
ശ്രീലങ്ക ബാറ്റിംഗ്
ഡിക്വെല സി ധോണി ബി ശാര്‍ദൂല്‍ 14, മുനാവീര സി ധോണി ബി ബുംറ 11, മെന്‍ഡിസ് റണ്ണൗട്ട് 1, തിരിമനെ സി ധവാന് ബി പാണ്ഡ്യ 18, എയ്ഞ്ചലോ മാത്യൂസ് സി ഠാക്കുര്‍ ബി പട്ടേല്‍ 70, സിരിവര്‍ധന സി ധോണി ബി പാണ്ഡ്യ 39, ഡിസില്‍വ റണ്ണൗട്ട് 22, ധനഞ്ജയ നോട്ടൗട്ട് 11, പുഷ്പകുമാര സി പാണ്ഡ്യ ബി ബുംറ 3, ഫെര്‍ണാണ്ടോ സി ആന്‍ഡ് ബി കുല്‍ദീപ് യാദവ് 5, മലിംഗ ബി കുല്‍ദീപ് യാദവ് 0, എക്സ്ട്രാസ് 13
ആകെ 42.4 ഓവറില്‍ 207നു പുറത്ത്
ബൗളിംഗ്
ശാര്‍ദുല്‍ 7-0-26-1, ബുംറ 7-0-32-2, പാണ്ഡ്യ 8-0-50-2, വിരാട് കോഹ്്ലി 2-0-12-0, കുൽദീപ് യാദവ് 8.4-1-31-2, അക്സര്‍ പട്ടേല്‍ 10-0-55-1.
മലിംഗയ്ക്കു 300 വിക്കറ്റ്
കൊളംബോ: ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയ്ക്ക് ഏകദിനത്തില്‍ 300 വിക്കറ്റ്. ഇന്ത്യ്ക്കെതിരായ നാലം ഏകദിനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പുറത്താക്കിയാണ് മലിംഗ മുന്നൂറാം വിക്കറ്റ് ആഘോഷിച്ചത്. മത്സരത്തിലെ 30-ാം ഓവറിലെ മൂന്നാം പന്തിലാണ് കോഹ്്ലി പുറത്തായത്. കരിയറിലെ 203-ാം മത്സരത്തിലാണ് മലിംഗ 300 വിക്കറ്റ് കൊയ്തത്. 38 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
കോഹ്ലിക്കു മുന്നിൽ സച്ചിനും പോണ്ടിംഗും മാത്രം !
കൊളംബോ: ഏകദിന ക്രിക്കറ്റിലെ സെഞ്ചുറി കണക്കില്‍ മൂന്നാമനായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ നേടിയ സെഞ്ചുറിയോടെ ശതകക്കാരുടെ പട്ടികയില്‍ കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
കരിയറിലെ 29-ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്ലി ശ്രീലങ്കയുടെ ഇടംകൈയന്‍ ബാറ്റ്സ്മാന് സനത് ജയസൂര്യയെയാണു പിന്തള്ളിയത്. 30 ഏകദിന ശതകങ്ങളുള്ള റിക്കി പോണ്ടിംഗും 49 ശതകങ്ങളോടെ സച്ചിന് തെണ്ടുല്‍ക്കറുമാണ് കോഹ്ലിക്ക് മുന്നിലുള്ളത്. 193 മത്സരങ്ങളില്‍നിന്നാണ് കോഹ്ലി 29 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. 375, 463 എന്നിങ്ങനെയാണ് പോണ്ടിംഗ്, സച്ചിന് എന്നിവര്‍ക്കു കരിയറിലെ മൊത്തം സെഞ്ചുറി നേട്ടത്തിലേക്ക് എത്താന്‍ വേണ്ടിവന്ന ഏകദിനങ്ങള്‍.
നാലാം ഏകദിനത്തില്‍ ലങ്കന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ട കോഹ്ലി 77 പന്തുകളില്‍നിന്നാണ് സെഞ്ചുറി തികച്ചത്. പുറത്താകുന്നതിനു മുമ്പ്് 96 പന്തില്‍ 131 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കോഹ്ലിക്കു കഴിഞ്ഞു.
ശാര്‍ദൂൽ ഠാക്കുറിന് 10-ാം നമ്പര്‍ !
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ എക്കാലവും പ്രണയിച്ചിരുന്ന ഒരു നമ്പര്‍ ആണ് 10. അവരുടെ പ്രിയതാരം സച്ചിന് തെണ്ടുല്‍ക്കറുടെ ജഴ്സി നമ്പറാണത്. ആ നമ്പറിനോടുള്ള ആദരസൂചകമായിട്ടാവണം സച്ചിന് വിരമിച്ച ശേഷം 10-ാം നമ്പര്‍ ആരും തന്നെ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, ഇന്നലെ ഏകദിനത്തില്‍ അരങ്ങേറിയ ശാര്‍ദൂല്‍ ഠാക്കുര്‍ എന്ന ഫാസ്റ്റ് ബൗളര്‍ ഉപയോഗിച്ചത് സച്ചിന് ഉപയോഗിച്ച 10-ാം നമ്പര്‍.
ഇന്ത്യയുടെ ബൗളിംഗ് ഓപ്പണ്‍ ചെയ്തതും മഹാരാഷ്്ട്രയില്നിന്നുള്ള ഈ ഇരുപത്തിയഞ്ചുകാരനാണ്. കിംഗ്സ് ഇലവന് പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, ടാറ്റാ സ്പോര്‍ട്സ് ക്ലബ് എന്നിവയ്ക്കു വേണ്ടി ശാര്‍ദൂല്‍ കളിച്ചിട്ടുണ്ട്. രവി ശാസ്ത്രിയാണ് ഇന്നലെ ശാര്‍ദൂലിന് ഏകദിന ക്യാപ് നല്‍കിയത്.
ആദ്യമത്സരത്തില്‍ത്തന്നെ ഭേദപ്പെട്ട രീതിയില്‍ പന്തെറിയാന്‍ ശാര്ദൂലിനായി. ആദ്യസ്പെല്ലില്‍ അഞ്ചോവര്‍ എറിഞ്ഞ ശാര്‍ദൂല്‍ 17 റണ്‍സ് മാത്രം വഴങ്ങി ഓപ്പണര്‍ ഡിക്വെലയുടെ വിക്കറ്റെടുത്തു.
പിന്നീട് രണ്ട് ഓവർ കൂടി എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.