ലണ്ടന്‍: യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ താരക്കൈമാറ്റം ഇന്നലെ അവസാനിച്ചു. അവസാന ദിവസം നടന്ന ശ്രദ്ധേയമായ കൂടുമാറ്റം ആഴ്സണലിന്റെ ഇംഗ്ലീഷ് താരം അലക്സ് ഓക്സ്്ലാഡെ ചേമ്പര്ലെയ്ന്റേതാണ്. ഫിലിപ്പെ കുട്ടീഞ്ഞോയെ കൈവിടാനൊരുങ്ങുന്ന ലിവര്‍പൂളാണ് ചേമ്പര്ലെയ്നെ സ്വന്തമാക്കിയത്. 3.5 കോടി പൗണ്ടിനാണ് (288 കോടി രൂപ) ചേമ്പര്ലെയ്ന് ചുവപ്പുപടയ്ക്കൊപ്പമെത്തുന്നത്.
ഇരുപത്തിനാലുകാരനായ ചേമ്പര്ലെയ്ന് ചെല്‍സിയുടെ ഓഫര്‍ നിരസിച്ചാണ് ലിവര്‍പൂളിലെത്തിയത്. ആഴ്സണലിനു വേണ്ടി 198 മത്സരങ്ങളില്‍ കളിച്ച ചേമ്പര്ലെയ്ന് 20 ഗോളുകള്‍ നേടി. 2011ല്‍ സതാംപ്ടണില്നിന്നാണ് ആഴ്സണലിലെത്തിയത്.
ആഴ്സണല്‍ ഈ സീസണില്‍ കളിച്ച നാലു മത്സരങ്ങളിലും ചേമ്പര്ലെയ്ന് കളിച്ചു. ഇന്നലെ നടന്ന മറ്റൊരു താരക്കൈമാറ്റത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീ സാന്‍ ഷര്മെയ്നില്നിന്ന് സെര്‍ജി ഓറിയറെ ടോട്ടനം സ്വന്തമാക്കി. 2.3 കോടി പൗണ്ടിനാണ് ഓറിയര്‍ ടോട്ടനത്തിലെത്തിയത്.