ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കൗമാരതാരങ്ങളായ ഓസ്ട്രേലിയയുടെ നിക് കിര്ഗിയോസിനും ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനും മടക്കം. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ കിരീടം നേടാന്‍ സാധ്യത കല്പിക്കപ്പെട്ടിരുന്ന കിര്‍ഗിയോസിനു വലതുതോളിനേറ്റ പരിക്കാണ് വിനയായത്. പരിക്കു വകവയ്ക്കാതെ കളിച്ച 14-ാം സീഡ് കിര്‍ഗിയോസിനെ ലോക റാങ്കിംഗില്‍ 235-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ തന്നെ ജോണ്‍ മില്മാന് ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. സ്കോര്‍: 6-3, 1-6, 6-4, 6-1.
ആദ്യ സെറ്റ് മുതല്‍ പരിക്ക് അലട്ടിയ ഇരുപത്തിരണ്ടുകാരനായ കിര്‍ഗിയോസ് മൂന്നാം സെറ്റിലെ നാലാം ഗെയിമിലായിരുന്നു ചികിത്സ തേടിയത്. ഉടന്‍ ഫിസിയോ എത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെ മത്സരം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങി. സിന്‍സിനാറ്റിയില്‍ ഫൈനലിലെത്തിയ താരമാണ് കിര്‍ഗിയോസ്.
നാലാം സീഡ് അലക്സാണ്ടര്‍ സ്വരേവ് ഏവരെയും ഞെട്ടിച്ചുകൊണ്ടു പുറത്തായി. ക്രൊയേഷ്യയുടെ ബോര്‍ന കോറിക് ആണ് സ്വരേവിന്റെ കഥ കഴിച്ചത്. അത്യന്തം ആവേശകരമായ പോരാട്ടം നാലു സെറ്റ് നീണ്ടു.
സ്കോര്‍: 3-6, 7-5, 7-6, 7-6. നാലാം സെറ്റില്‍ മൂന്നു സെറ്റ് പോയിന്റ് നേടിയ ശേഷമാണ് സ്വരേവ് സെറ്റും മത്സരവും വഴങ്ങിയത്. അതേസമയം, സിന്‍സിനാറ്റിയില്‍ ചാമ്പ്യനായ ഗ്രിഗര്‍ ദിമിത്രോവ് ചെക് റിപ്പബ്ലിക്കിന്റെ വാക്ലാവ് സഫ്രാനെക്കിനെ 6-1, 6-4, 6-2നു തോല്‍പ്പിച്ചു മൂന്നാം റൗണ്ടിലെത്തി. വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റ് ഗില്‍സ് മുള്ളര്‍ ഇറ്റലിയുടെ പാവോലോ ലോറന്‍സിയെ പരാജയപ്പെടുത്തി.
ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് അമേരിക്കയുടെ റിച്ചാര്‍ഡ് ഹാരിസണെ 6-4, 6-2, 7-6നു പരാജയപ്പെടുത്തി. ഫ്രാന്‍സിന്റെ ഗായല്‍ മോണ്‍ഫില്‍സ്, നാട്ടുകാരനായ ചാര്‍ഡിയെ പരാജയപ്പെടുത്തി. സ്പെയിനിന്റെ ഫെലിസിയാനോ ലോപ്പസ് റഷ്യയുടെ സുസ്നെറ്റ്സോവിനെ തോല്പിച്ച് രണ്ടാം റൗണ്ടിലെത്തി.
യുവതാരം ഓസ്ട്രിയയുടെ ഡൊമിനിക് തീം ഉജ്വല ജയത്തോടെ അടുത്ത റൗണ്ടിലേക്കു മുന്നേറി. ഓസ്ട്രേലിയയുടെ അലക്സ് ഡെ മിനോറിനെയാണ് തീം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 6-1, 6-1. ഇറ്റലിയുടെ ഫോഞ്ഞിനി, വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് മാരിന് സിലിക്, യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
വനിതാ വിഭാഗത്തില്‍, ഉത്തേജക മരുന്നുപയോഗത്തെ തുടര്‍ന്ന് വിലക്കിലായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവ, രണ്ടാം റൗണ്ടിലും ജയം കണ്ടു.ഹംഗറിയുടെ ടിമിയ ബാബോസിനെയാണ് ഷറപ്പോവ പരാജയപ്പെടുത്തിയത്.
സ്കോര്‍: 6-7, 6-4, 6-1. അത്യന്തം വാശിയേറിയ മറ്റൊരു മത്സരത്തില്‍ ഡെന്മാര്ക്കിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന് വോസ്നിയാക്കി റഷ്യയുടെ യെലേന മക്കറോവയോടു തോറ്റു. സ്കോര്‍: 2-6, 7-6, 1-6. അമേരിക്കയുടെ വീനസ് വില്യംസ് ഫ്രാന്‍സിന്റെ ഓഷ്യനെ ഡോഡിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി.
37കാരിയായ വീനസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫ്രഞ്ച് താരത്തെ തോല്പിച്ചത്. വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ഗാര്ബിന് മുഗുരുസ ചൈനയുടെ യിംഗ്-യിംഗ് ഡുവാനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലേക്കു മുന്നേറി. സ്കോര്‍: 6-4, 6-0. സൊളാന് സ്റ്റീഫന്‍, കുസ്നെറ്റ്സോവ, ക്വിറ്റോവ, റഡ്വാന്‍സ്ക തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.