അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രളയം താണ്ഡവമാടുകയാണ്. ദുരന്തത്തിന്റെ തീവ്രത കുറയുന്നതു നോക്കിയിരിക്കുകയാണ് ആളുകള്‍. ഹൃദയഭേദകമായ കാഴ്ചകളാണ് എവിടെയും കാണാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ അമേരിക്കയിലെ പ്രളയബാധിത പ്രദേശത്തുനിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. വെള്ളത്തില്‍ മുങ്ങി മരിച്ച അമ്മയുടെ മൃതദേഹത്തില്‍ പറ്റിപ്പിടിച്ചുകിടന്ന മൂന്ന് വയസുകാരിയെ അത്ഭുതകരമായി രക്ഷപെടുത്തി എന്നതായിരുന്നു വാര്‍ത്ത. 41 കാരി കോളെറ്റ് സള്സറാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസ്സുകാരി മകള്‍ ജോര്ഡെയ്നെ രക്ഷപ്പെടുത്തി. ബീമൗണ്ടില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുമ്പോഴും വെള്ളത്തിന് മുകളിലേക്ക് കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയായിരുന്നു ഈ അമ്മ എന്നാണ് റിപ്പോര്‍ട്ട്.
വെള്ളംകുടിച്ച് ചീര്‍ത്ത നിലയിലായിരുന്നതിനാല്‍ സള്സറിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ അമ്മയുടെ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്ന് വിറങ്ങലിച്ച് മുങ്ങിപ്പൊങ്ങുന്ന നിലയിലായിരുന്നു കുഞ്ഞു ജോര്ഡെയ്ന്. കുഞ്ഞിന്റെ പിന്നില്‍ ഒരു ബാഗ് ഉണ്ടായിരുന്നു. ഇതും കുഞ്ഞിനെ പൊങ്ങിക്കിടക്കാന് സഹായിച്ചു. കഴിഞ്ഞ ദിവസം പകല്‍ മൂന്ന് മണിയോടെ മകളുമായി കോളെറ്റ് ബീമൗണ്ടിലേക്ക് കാറില്‍ പോകുമ്പോള്‍ ആയിരുന്നു അപകടം. ഇന്റര്‍സ്റ്റേറ്റ് 10 ലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും എടുക്കുമ്പോള്‍ കാര്‍ വെള്ളത്തില്‍ പെട്ടുപോയി. തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച ഇവര്‍ മകളെയും എടുത്തു കൊണ്ട് സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങുമ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കാര്‍ കിടന്നിരുന്നിടത്ത് നിന്നും അര മൈല്‍ മാറി കനാലില്‍ നിന്നായിരുന്നു ഇവരെ കണ്ടെത്തിയത്.
വെള്ളം തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോഴും മകളുടെ തല ജല നിരപ്പിന് മുകളില്‍ വരത്തക്കവിധം അമ്മ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചിരുന്നതായി പോലീസ് പറഞ്ഞു. കുഞ്ഞും അമ്മയെ മുറുക്കെ പിടിച്ചിരുന്നു. പോലീസും ഫയര്‍ റെസ്ക്യൂ ഡൈവേഴ്സും ചേര്‍ന്ന് സള്സറിനെയും കുഞ്ഞിനെയും വലിച്ചടുപ്പിക്കുകയായിരുന്നു. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ തന്നെ സള്‍സര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. കുഞ്ഞു ജോര്ഡെയ്നാകട്ടെ തണുത്തു വിറങ്ങലിച്ച നിലയിലും. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ കുടുംബാംഗങ്ങള്‍ക്ക് വിട്ടു കൊടുത്തു. നിരവധിയാളുകള്‍ ഇതിനോടകം മരിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.