കൊച്ചി: സദ്യയ്ക്ക് ഓണപ്പൊലിമ വേണമെങ്കില്‍ അതു തൂശനിലയില്‍ തന്നെ വിളമ്പണമെന്നുള്ളവരാണു മലയാളികള്‍ അതുകൊണ്ടാണു പ്ലാസ്റ്റിക് ഇലകളും മറ്റും വിപണിയില്‍ സുലഭമായിട്ടും വാഴയിലയോടു മലയാളിക്ക് ഇന്നും പ്രിയം. തൂശനിലയില്‍ ചിട്ടയിലും ക്രമത്തിലും വിളമ്പുന്ന പതിനെട്ടുകൂട്ടം വിഭവങ്ങള്‍ ആസ്വദിച്ചുള്ള സദ്യയ്ക്കുശേഷം പഴവും പായസവും പപ്പടവും ഞെരടി കഴിക്കുമ്പോഴേ ഓണസദ്യ ഉണ്ടെന്ന തോന്നലുണ്ടാകൂ.
ഓണം മലയാളിയുടെ ഉത്സവമാണെങ്കിലും ഓണസദ്യ ഉണ്ണാന്‍ വാഴയില തമിഴ്നാട്ടില്‍ നിന്നെത്തേണ്ട അവസ്ഥയാണ്. ഇലയ്ക്കു മാത്രമായി വാഴക്കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ പുളിയംപെട്ടി, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണു കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇലയെത്തുന്നത്. അത്തം പിറന്നപ്പോള്‍ മൂന്നു രൂപയായിരുന്ന ഒരിലയുടെ വില ഇന്നലെ ആറു രൂപയായി. തിരുവോണമാകുന്നതോടെ വില ഇനിയും ഉയരും.
പുറത്തുനിന്നുള്ള ഇലയ്ക്കു വില കൂടിയതോടെ നാട്ടിലെ വാഴയിലയുടെയും വില കൂട്ടിയിട്ടുണ്ട്. നാടന്‍ ഇലയ്ക്ക് ഇതരസംസ്ഥാന ഇലയേക്കാള്‍ കാഠിന്യം കൂടുതലാണ്. എളുപ്പത്തിൽ പൊട്ടുകയും ചെയ്യും. തമിഴ്നാട്ടില്‍നിന്നുള്ള ഇലകള്‍ മൂന്നു ദിവസംവരെ കേടാകാതെ നില്‍ക്കുമെന്നും പറയുന്നു.
250 ഇലകളുടെ കെട്ടായാണു വാഴയില കൊണ്ടുവരുന്നത്. 1000 കെട്ടുകള്വരെ ഓണക്കാലത്ത് പ്രതിദിനം എടുക്കാറുണ്ടെന്ന് ഇലവ്യാപാരികള് പറയുന്നു. പിറവം, മൂവാറ്റുപുഴ, വൈക്കം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്നും ഇല എത്തുന്നുണ്ട്.
നടു കീറിയതും വക്കു പൊട്ടിയതുമായ ഇലയില്‍ സദ്യ വിളമ്പരുതെന്നാണു ശാസ്ത്രം. അതു സദ്യയുടെ രസക്കൂട്ട് ഇല്ലാതാക്കും. മാത്രമല്ല അശ്രീകരമാണെന്നും പഴമക്കാര്‍ പറയുന്നു. തൂശനിലയുടെ അറ്റം ഇരിക്കുന്ന ആളുടെ ഇടത്തേക്കു വരത്തക്കരീതിയില്‍ ഇട്ടിട്ടാകണം സദ്യവിളമ്പാന്‍.