ഈ പ്രവാസികളെക്കൊണ്ട് തോറ്റു..! കേരളത്തിലെ പല ഗ്രാമങ്ങളും നഗരങ്ങളേക്കാൾ വികസിച്ചതിനു പിന്നിൽ പ്രവാസികളുടെ പങ്കാണെന്ന് ആർ. ബാലകൃഷ്ണപിള്ള

കൊല്ലം: കൊടിയും ചിഹ്നവും നോക്കാതെ പ്രവാസ ജീവിതത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്‌ഥാന കമ്മിറ്റി ഓഫീസ് (പ്രവാസി ഭവൻ) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കേന്ദ്ര പ്രവാസി ക്ഷേമ ബോർഡ് രൂപീകരിച്ച് അവരുടെ ജീവിതനില മെച്ചപ്പെടുത്തണമെന്നും കേരളത്തിലെ പല ഗ്രാമങ്ങളും നഗരങ്ങളേക്കാൾ വികസിച്ചതിൽ പ്രവാസികളുടെ പങ്കുകൊണ്ടാണെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.

പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്‌ഥാന ചെയർമാൻ എൻ.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. ഫാ. പോൾക്രൂസ് മുഖ്യപ്രഭാഷണം നടത്തി. പി. ജർമിയാസ്, നെയ്ത്തിൽ വിൻസെന്റ്, കമറുദീൻ മുസ്ലിയാർ, കുരീപ്പുഴ ഷാനവാസ്, കെ.പി. ഉണ്ണികൃഷ്ണൻ, സേതുമാധവൻപിള്ള, ഡോ. കുഞ്ചാണ്ടിച്ചൻ, ഷാജി ചാത്തന്നൂർ, പെരുങ്കുളം സുരേഷ്, രാജേഷ് വേങ്ങൂർ, ഡോ. കുമ്പളത്ത് ജനാർദനക്കുറുപ്പ്, ആലപ്പുഴ ഓമനക്കുട്ടൻ, പ്രഭാമോഹൻ, ഷീജാ മരുത്തടി, സിലിജാ ബിജു, കുന്നുംപുറത്ത് ലത, ശാരദാമ്മ, സിന്ധു, സ്റ്റാൻലി, പി. വാമദേവൻ, നൗഷാദ്. റ്റി, ജോർജ് തങ്കശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Related posts