ന്യൂഡൽഹി: ഗ്ലാസ്ഗോ ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല തിളക്കം സൈന നെഹ്വാളിന് ബാഡ്മിന്റൺ റാങ്കിംഗിലും തുണച്ചു. പുതിയ റാങ്കിംഗിൽ സൈന നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 12 ാം സ്ഥാനത്തെത്തി. പരിക്കുമൂലം കളത്തിൽനിന്ന് വിട്ടുനിന്ന സൈന റാങ്കിംഗിൽ ഏറെ പിന്നോട്ടുപോയിരുന്നു. ലോക ചാമ്പ്യൻഷിപ്പ് പഴയകാല ഫോമിലേക്ക് തിരിച്ചെത്താൻ സൈനയെ സഹായിച്ചിരിക്കുകയാണ്.
ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ പുറത്തായെങ്കിലും കെ. ശ്രീകാന്തും റാങ്കിംഗ് മെച്ചപ്പെടുത്തി. പുരുഷ റാങ്കിംഗിൽ രണ്ടു സ്ഥാനം ചാടിക്കടന്ന ശ്രീകാന്ത് എട്ടാമതെത്തി. ഇന്ത്യൻ താരങ്ങളിൽ പി.വി സിന്ധു തന്നെയാണ് ഇപ്പോഴും ടോപ്പ്. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ സിന്ധു നാലാം സ്ഥാനത്താണ്.