വാരിയെറിയാൻ പണമുണ്ടെങ്കിൽ ഒരു യാത്ര പോകാം. ആഡംബരത്തിന്റെ അവസാനവാക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജലയാനം അണിയറയിൽ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ പണച്ചാക്കുകളെ മാത്രം ലക്ഷ്യംവച്ചാണ് കപ്പൽ രൂപകല്പന ചെയ്യുന്നത്. 720 അടി നീളമുള്ള കപ്പലിൽ ആഡംബര ഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഒരുക്കുന്നത്. പക്ഷേ, ഈ യാനത്തിലെ യാത്ര ആസ്വദിക്കണമെങ്കിൽ 2019 വരെ കാത്തിരിക്കേണ്ടിവരും.
എല്ലാ വർഷവും ഈ യാനം ലോകപ്രദക്ഷിണം നടത്തും. ആഡംബരം എന്നുപറഞ്ഞാൽ സാധാരണക്കാർക്ക് സ്വപ്നംകാണാൻപോലും കഴിയാത്ത കണക്കിൽത്തന്നെയാണ് ഇതിലെ ഓരോ സൗകര്യങ്ങളും. ഒരു രാത്രിയിലെ ഭക്ഷണച്ചെലവ് മാത്രം 1.6 ലക്ഷം രൂപയാകും.
കപ്പലിന്റെ ഉൾഭാഗവും അത്യാഢംബരംതന്നെ. പ്രവേശനാംഗത്വ ഫീസ് മാത്രം 11 ലക്ഷം ഈടാക്കുന്ന കപ്പലിൽ ആഡംബരങ്ങൾ കുറയാൻ പാടില്ലല്ലോ. 12 റസിഡൻഷ്യൽ സ്യൂട്ടുകളും 112 ലോവർബർത്തുകളും ലൈബ്രറി, സ്പാ, ജിം, മറീന ബീച്ച് ഏരിയ, ഷോപ്പിംഗ് ഏരിയ, മദ്യശാല തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 26.4 കോടി ഡോളറാണ് (1,689.6 കോടി രൂപ) നിർമാണച്ചെലവ്.