തൃശൂർ: പോലീസ് മർദനത്തെതുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തിരുവോണനാളിൽ ഉപവാസം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 21 ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കോർപറേഷനു മുന്നിലാണ് ഉപവാസം നടത്തുക. വിനായകന്റെ കുടുംബവും ഉപവാസത്തിൽ പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ വായ് മൂടിക്കെട്ടി പ്രകടനവും ഉണ്ടായിരിക്കും.
വിനായകനെ മർദിച്ച പോലീസുകാരെ ഉടൻ അറസ്റ്റ് ചെയ്യുക, വിനായകന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം. ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് കെ.എസ്. ഷൈജു, എ.കെ. സന്തോഷ്, ആനന്ദൻ വടക്കുംതല തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.