കോട്ടയം: വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് നിർദേശം നൽകി.
ഹാദിയയെ പുറത്തുകടക്കാൻ അനുവദിക്കാതെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ പരാതി നൽകിയിരുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.