അങ്കമാലി: അങ്കമാലി, അത്താണി, നെടുമ്പാശേരി തുടങ്ങിയ സ്ഥലങ്ങളിൽ കാറിൽ കറങ്ങിനടന്ന് കഞ്ചാവു വില്പന നടത്തിവന്ന ദന്പതികളെ പോലീസ് അറസ്റ്റ്ചെയ്തു. അങ്കമാലി കവരപ്പറമ്പ് തെക്കിനേത്ത് ജിസ്മോൻ വർഗീസ്, ഭാര്യ നിഷ എന്നിവരെയാണ് കഴിഞ്ഞ ദിവസം അങ്കമാലിയിൽനിന്നു വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്.
പുലർച്ചെ 1.15ഓടെ നടന്ന പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ഇവരിൽനിന്നു കഞ്ചാവ് കണ്ടെടുത്തു. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കു കഞ്ചാവ് വിറ്റിരുന്ന ഇവർ ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് ഈടാക്കിയിരുന്നത്.
കാറിൽ ഭാര്യയെ മുന്നിൽ ഇരുത്തിയാൽ പോലീസ് പിടിക്കില്ലെന്ന വിശ്വാസത്തിലാണ് ഇയാൾ ഭാര്യയോടൊപ്പം വില്പനക്കിറങ്ങിയതത്രെ. പിടിയിലാകുമ്പോൾ ഇവരുടെ കൈവശം നാലു ഫോണുകളും കഞ്ചാവു വില്പനയിലൂടെ ലഭിച്ച 14,300 രൂപയും ഉണ്ടായിരുന്നു. പോലീസ് പിടിച്ചതിനുശേഷമുള്ള അഞ്ചു മിനിറ്റിനിടയിൽ ഇവരുടെ കൈവശമുള്ള നാലു ഫോണുകളിലേക്കുമായി കഞ്ചാവ് ആവശ്യക്കാരുടെ മുപ്പതോളം കോളുകളാണു വന്നത്.
ജിസ്മോന്റെ പേരിൽ കഞ്ചാവു വില്പനയ്ക്കും മോഷണത്തിനുമായി അങ്കമാലി, നെടുമ്പാശേരി, ചെങ്ങമനാട് സ്റ്റേഷനുകളിലായി ഏഴു കേസുകൾ നിലവിലുണ്ട്. 2015ൽ അഞ്ചു കിലോഗ്രാം കഞ്ചാവു കൈവശം വച്ചതിന് അഞ്ചു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിക്കപ്പെട്ട ഇയാൾ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ഹൈക്കോടതിയിൽനിന്ന് അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങിയാണു ഭാര്യയോടൊപ്പം വീണ്ടും കഞ്ചാവു വില്പന നടത്തിയത്.
ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം അങ്കമാലി എസ്ഐ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എസ്ഐ കെ.എൻ. മനോജ്, എഎസ്ഐ സുകേശൻ സിപിഒമാരായ റോണി, ജിസ്മോൻ, സുധീഷ്, ശരണ്യ മോൾ എന്നിവരാണു പ്രതികളെ പിടികൂടിയത്. പ്രതികളുടെ ഫോണുകളിലേക്കു വന്ന വിളികൾ പരിശോധിക്കുകയാണ്. ഇവർക്കു കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കവരപ്പറമ്പ് സ്വദേശിയായ ജിസ്മോൻ ഇപ്പോൾ കോതകുളങ്ങരയിൽ വാടകയ്ക്കു താമസിക്കുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.