കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി നാളെ വീട്ടിലെത്തും. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി അനുമതി നൽകിയ സാഹചര്യത്തിലാണു ചടങ്ങിൽ പങ്കെടുക്കാൻ നടനെത്തുന്നത്. രാവിലെ എട്ടു മുതൽ 10 വരെ രണ്ടു മണിക്കൂർ സമയം ചടങ്ങിൽ പങ്കെടുക്കാനാണു കോടതി അനുവാദം നൽകിയിട്ടുള്ളത്. പോലീസ് അകന്പടിയോടെ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ദിലീപിനെ എത്തിക്കുക.
ആദ്യം വീട്ടിലും തുടർന്നു ആലുവ മണപ്പുറത്ത് നടക്കുന്ന ചടങ്ങിലും നടനെ എത്തിക്കുമെന്നാണു സൂചന. മാധ്യമങ്ങളെ കാണില്ലെന്ന ഉറപ്പിലാണു ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയത്. ചടങ്ങിനുശേഷം എത്രയുംവേഗം നടനെ തിരികെ ജയിലിൽ എത്തിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതൽ 11.45 വരെ വീട്ടിലും തുടർന്ന് ആലുവ മണപ്പുറത്തുമായി നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണു നടൻ അനുമതി തേടിയത്. അപേക്ഷ പരിഗണിച്ച അങ്കമാലി കോടതി, രാവിലെ എട്ടു മുതൽ 10 വരെ രണ്ടു മണിക്കൂർ സമയം ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം നൽകുകയായിരുന്നു. ഇതിനിടെ തിരുവോണ നാളായ ഇന്നലെ ജയിലിൽ നടന്ന ഓണാഘോഷ ചടങ്ങുകളിൽ നടൻ പങ്കെടുത്തില്ല. എന്നിരുന്നാലും ജയിലിൽ ഒരുക്കിയിരുന്നു ഓണസദ്യ ദിലീപ് കഴിച്ചു.
ഇതിനിടെ നടനും സുഹൃത്തുമായ ജയറാം ഇന്നലെ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചു. 50 ദിവസത്തിലേറെയായി റിമാൻഡിൽ കഴിയുന്ന ദിലീപിനെ കാണാൻ ഭാര്യയും നടിയുമായ കാവ്യാ മാധവൻ, മകൾ മീനാക്ഷി എന്നിവർക്കു പുറമെ കഴിഞ്ഞ ദിവസം സുഹൃത്തുക്കളും നടൻമാരുമായ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ എന്നിവരും ജയിലിലെത്തിയിരുന്നു. അതേസമയം, ജാമ്യം തേടി നടൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതു നാലാം വട്ടമാണു ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. നേരത്തേ ഒരുതവണ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും രണ്ടു പ്രാവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ടേറ്റ് കോടതി അനുമതി നൽകിയ സാഹചര്യത്തിലാണു വീണ്ടും ജാമ്യാപേക്ഷയുമായി നീങ്ങാൻ താരത്തെ പ്രേരിപ്പിച്ചത്.