2017 ലെ ഓണമാഘോഷിച്ച മലയാളികളില്‍ ചിലരെങ്കിലും ഓര്‍ത്ത ഒരു കാര്യമുണ്ട്. പല ഓണദിവസങ്ങളിലും ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരുന്ന നടന്‍ ദിലീപ് ഇപ്പോള്‍ ജയിലിലാണല്ലോ എന്ന്. ഇങ്ങനെയോര്‍ത്ത് വിഷമിച്ച ദിലീപിന്റെ ആരാധകര്‍ക്ക് ആശ്വസിക്കാം. കാരണം, പതിവുപോലെ ആലുവ സബ് ജയിലിലുമുണ്ടായിരുന്നു ഓണാഘോഷവും ഓണസദ്യയും. തിരുവോണ ദിനമായ ഇന്നലെ അന്‍പതിലധികം റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം ഇരുന്നാണ് ദിലീപ് ഓണസദ്യ കഴിച്ചത്. പത്തുതരം കറികളും അടപ്രഥമനും അടക്കം കെങ്കേമമായ ഓണസദ്യയാണ് ജയില്‍ വകുപ്പ് തടവുകാര്‍ക്കായി ഒരുക്കിയത്. രാവിലെ തടവുകാര്‍ ജയില്‍ വളപ്പില്‍ അത്തപ്പൂക്കളം ഒരുക്കി.
തടവുകാരിലെ പാചക വിദഗ്ധര്‍ അടുക്കളയില്‍ സഹായികളായപ്പോള്‍ മറ്റു ചിലര്‍ സെല്ലും പരിസരവും വൃത്തിയാക്കി. എന്നാല്‍ ഇതിലൊന്നും കൂടാതെ ഒറ്റയ്ക്ക് ഒരു മൂലയിലിരുന്ന് രാമായണ വായനയിലായിരുന്നു ജയപ്രിയ താരം എന്നാണറിയുന്നത്. സദ്യ തയ്യാറായപ്പോള്‍ സഹതടവുകാര്‍ ദിലീപിനെയും ഉണ്ണാന്‍ വിളിച്ചു. സദ്യ കഴിഞ്ഞ് തടവുകാര്‍ക്കായി ഓണക്കളികളും മത്സരങ്ങളുമൊക്കെ സംഘടിപ്പിച്ചിരുന്നെങ്കിലും ദിലീപ് അതില്‍ നിന്നെല്ലാം വിട്ടുനിന്നു. സദ്യ കഴിഞ്ഞ് നേരെ സെല്ലിലെത്തി വീണ്ടും വായന തുടര്‍ന്നു. സഹ തടവുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും ദിലീപ് വായനയില്‍ മുഴുകി. ഇടയ്ക്ക് നാമ ജപവും ഉണ്ടായതായി വാര്‍ഡന്മാര്‍ പറയുന്നു. ജോത്സ്യന്മാര്‍ ആരോ ഉപദേശിച്ചതാണ് പോലും. എഴാം തിയ്യതി മുതല്‍ ദിലീപിന്റെ ദശയില്‍ മാറ്റം വരുമെന്നും കാര്യങ്ങള്‍ അനുകൂലമായി മാറുമെന്നുമാണ് ജോത്സ്യന്റെ പ്രവചനം.
ഇതിനെല്ലാമിടയിലായിരുന്നു ദിലീപിനെ കാണാന്‍ സന്ദര്‍ശക പ്രവാഹമുണ്ടായത്. ജയറാം, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവരാണ് താരത്തെ സന്ദര്‍ശിച്ചത്. ദിലീപിന്റെ അനുമതി ഉള്ളവരെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുന്നുള്ളു. ദിലീപിനെ കണ്ട മാത്രയില്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. എന്നാല്‍ കാര്യമായ ഭാവവ്യത്യാസങ്ങളില്ലാതെയാണ് ദിലീപ് നിലകൊണ്ടതെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്. അമിത വികാരപ്രകടനങ്ങളില്ലാതെയാണ് മീനാക്ഷി പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മീനാക്ഷി ഇതിനുമുമ്പ് ജയിലിലെത്തി അച്ഛനെ സന്ദര്‍ശിച്ചിരുന്നു എന്നും പറയപ്പെടുന്നു.