ബോണി മാത്യു
കോട്ടയം: വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിൽ അവ്യക്തത തുടരുന്നു. പിണറായി സർക്കാർ പ്രഖ്യാപിച്ച 900കോടി രൂപയുടെ ധനസഹായം നിരവധി ആളുകൾക്ക് സഹായകരമാകുമെന്ന് കരുതിയെങ്കിലും ഒട്ടനവധി നൂലാമാലകളാണ് അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ളത്. ആദ്യത്തെ ഫോം പൂരിപ്പിക്കാൻ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ചില സർട്ടിഫിക്കറ്റുകളുടെ ആവശ്യംമതി. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ വായപ് എടുത്തതിനേക്കാൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
ഗസ്റ്റഡ് ഓഫീസറുടെ ഒപ്പിനോടൊപ്പം പെൻ നന്പർ അടങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് ആദ്യത്തെ ഘട്ടം. ഗസ്റ്റഡ് ഓഫീസർമാർ പഴ്സണൽ നന്പറായ പെൻനന്പർ തരാൻ വിമുഖത കാട്ടുന്പോൾ ഒപ്പിനും പെൻ നന്പറിനുമായി അലയുന്നവർ നിരവധിയാണ്.
രണ്ടാമത്തെ ആശയക്കുഴപ്പം ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പ ഇളവു ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ അറിയിപ്പുകൾ നൽകാത്തതാണ്. വായ്പ എടുത്ത ആളുകൾ ബാങ്കുകളെ സമീപിക്കുന്പോൾ തങ്ങൾക്ക് അറിയിപ്പുകൾ ലഭിച്ചിട്ടില്ല എന്നു പറഞ്ഞു ഒഴിയുകയാണ് പലരും.
ഫോമുകൾ പൂരിപ്പിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ആവശ്യമാണ്. എല്ലാ കടന്പകളും കടന്ന് ബാങ്കിൽ എത്തുന്പോഴാണ് വായ്പാ തിരിച്ചടവ് ഇളവ് പദ്ധതികളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞു ബാങ്കുകൾ കൈമലർത്തുന്നത്.
ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്നതിനെ സംബന്ധിച്ച് നിരവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളുമാണ് നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ബാങ്കുകൾക്ക് ആവശ്യമായ നിർദേശം നല്കിയില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടും.
മാത്രമല്ല സർക്കാർ പ്രഖ്യാപിച്ച നല്ല പദ്ധതി ജനങ്ങളിൽ എത്താതെയും പോകും.