ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനര്‍ഹമായ പരിഗണന ലഭിക്കുന്നതായി ആരോപണം. ആലുവ സ്വദേശി ടി.ജെ. ഗിരീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകുംവരെ ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണു കേസിലെ പ്രതിയായ ദിലീപ് കഴിയുന്നതെന്നു പരാതിക്കാരന്‍ പറയുന്നു. രാവിലെ നേരത്തെ ഉറക്കമെണീല്‍ക്കുന്ന ദിലീപ് പ്രഭാതകൃത്യത്തിനുശേഷം സൂപ്രണ്ടിന്റെ മുറിയിലേക്ക് പോകും. എസി റൂമാണിത്. പുറത്തുനിന്നും വാങ്ങിക്കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നത് അവിടെ വച്ചാണ്. ഭക്ഷണത്തിനുശേഷം വിശ്രമിക്കുന്ന ദിലീപ് ഉച്ചയ്ക്കാണ് പിന്നെ ഉണരുക. ഉച്ചഭക്ഷണവും ഇവിടെ തന്നെ. നഗരത്തിലെ വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നാണ് വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ടുവരുന്നത്.
അതേസമയം ദിലീപിന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു. ദിലീപിനെ കാണാന്‍ ജയിലില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. തടവുകാരെ കാണാന്‍ ഒരു ദിവസം രണ്ടോ മൂന്നോ പേരില്‍ കൂടുതലാളുകളെ അനുവദിക്കാറില്ല. എന്നാല്‍, ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണു കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയത്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നു ജയില്‍ ചട്ടങ്ങളില്‍ പറയുന്നില്ല. തിരക്ക് ഒഴിവാക്കാനാണ് അങ്ങനെ ബോര്‍ഡ് വച്ചിരിക്കുന്നത്. അതു കര്‍ശനമായി നടപ്പാക്കേണ്ടതില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കും സന്ദര്‍ശനാനുമതി നല്‍കിയത് നേരത്തെ വിവാദമായിരുന്നു.. ദിലീപ് റിമാന്‍ഡിലായതിന്റെ തൊട്ടടുത്ത അവധി ദിവസം ഇരട്ടക്കൊലക്കേസിലെ പ്രതി ജയില്‍ സന്ദര്‍ശിച്ചതു വിവാദമായിരുന്നു. ജയിലിനുള്ളില്‍ മറ്റു പ്രതികള്‍ക്കു ലഭിക്കാത്ത ഇത്തരം പരിഗണനകള്‍ പീഡനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണു പരാതിക്കാരന്റ ആവശ്യം. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തശേഷം തിരികെയെത്തുന്ന ദിലീപിനെ കാണാന്‍ കൂടുതല്‍ സിനിമക്കാര്‍ എത്തുമെന്നാണ് സൂചന.