ന്യൂഡൽഹി: കറൻസി റദ്ദാക്കൽ വഴി കള്ളപ്പണം പിടികൂടാൻ സാധിച്ചോ എന്നറിയില്ലെന്നു റിസർവ് ബാങ്ക്. റദ്ദാക്കപ്പെട്ട നോട്ടുകൾ മാറിയതു വഴി ആൾക്കാർ കള്ളപ്പണം നിയമവിധേയമാക്കി മാറ്റിയെടുത്തോ എന്നും റിസർവ് ബാങ്കിന് അറിയില്ല.
ധനകാര്യത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചോദ്യത്തിനു നല്കിയ മറുപടിയിലാണു റിസർവ് ബാങ്ക് ഇതറിയിച്ചത്.
എത്ര കള്ളപ്പണം പിടികൂടിയെന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. റദ്ദായ നോട്ടിൽ 99 ശതമാനവും തിരിച്ചുവന്നെന്നു ബാങ്ക് അറിയിച്ചു. ഇത് 15.28 ലക്ഷം കോടി രൂപയുടേതാണ്. നോട്ടുകൾ മുഴുവൻ എണ്ണിത്തീർന്നിട്ടില്ല. എണ്ണിത്തീരുന്പോൾ തുക അല്പം മാറിയേക്കാം.
റദ്ദാക്കപ്പെട്ട 500 രൂപ, 1000 രൂപ കറൻസികൾ ബാങ്കിൽ നിക്ഷേപിച്ച് ആരെങ്കിലും കള്ളപ്പണം വെളുപ്പിച്ചോ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് ഉത്തരം നല്കിയത്. ഭാവിയിൽ ഇടയ്ക്കിടെ നോട്ടുകൾ റദ്ദാക്കുമോ എന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു ഉത്തരം.
നോട്ട് റദ്ദാക്കലിന്റെ പ്രത്യാഘാതത്തെപ്പറ്റി ചോദിച്ചപ്പോഴും ബാങ്ക് നേരിട്ട് മറുപടി നല്കിയില്ല. ജിഡിപി വളർച്ചയിലെ ക്ഷീണം നോട്ട് റദ്ദാക്കലിനു മുന്പേ തുടങ്ങിയതായിരുന്നു എന്നു ബാങ്ക് ചൂണ്ടിക്കാട്ടി.
നോട്ട് റദ്ദാക്കൽ സംബന്ധിച്ച കമ്മിറ്റി റിപ്പോർട്ട് മാറ്റിയെഴുതണമെന്നു കമ്മിറ്റിയംഗങ്ങൾ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിലെ വീരപ്പ മൊയ്ലിയാണു കമ്മിറ്റിയധ്യക്ഷൻ.