തിരുവനന്തപുരം: ഓണനാളുകളിൽ സംസ്ഥാനത്ത് മദ്യത്തിനു റിക്കാർഡ് വിൽപന. അത്തം മുതൽ പത്തു ദിവസം ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത് 484.22 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഓണനാളുകളിൽ 450 കോടിയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്.
തിരുവോണദിനത്തിൽ ബെവ്കോ ഒൗട്ട്ലെറ്റുകളിലൂടെ മാത്രം വിറ്റഴിച്ചത് 43.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം തിരുവോണ നാളിലെ മദ്യവിൽപന 38.86 കോടി രുപയ്ക്കായിരുന്നു. തിരുവോണം പ്രമാണിച്ച് അവധിയായിരുന്നതിനാൽ വെയർഹൗസുകളിലൂടെയുള്ള മദ്യവിൽപന തിങ്കളാഴ്ച നടന്നിരുന്നില്ല.
ഉത്രാടദിനത്തിൽ ബിവറേജസ് കോർപറേഷന്റെ വിൽപന 71 കോടിയായിരുന്നു. പൂരാടത്തിന് 80.95 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകളിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് ഇത്തവണ ഇരിങ്ങാലക്കുടയിലാണ്. ഉത്രാടദിനത്തിൽ ഇവിടെ 87 ലക്ഷം രൂപയുടെ മദ്യവിൽപന നടന്നു.