നിഷാം കല്യാണം കഴിച്ചത് വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന്, മുതലാളി ജയിലിലായതോടെ കമ്പനികള്‍ ഒന്നൊന്നായി തകരുന്നു, നിഷമിന്റെ ഭാര്യയെ അടുപ്പിക്കാതെ സഹോദരങ്ങളും, കൊലപാതകി നിഷാമിന്റെ സാമ്രാജ്യത്തിന്റെ അവസ്ഥ ഇങ്ങനെ

തൃശൂര്‍ ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമെന്ന ശതകോടീശ്വരന്റെ ബിസിനസ് സാമ്രാജ്യം തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. ബീഡി, റിയല്‍ എസ്‌റ്റേറ്റ്, ജുവലറി, ഹോട്ടല്‍ അടക്കമുള്ള ബിസിനസിന്റെ നടത്തിപ്പ് സംബന്ധിച്ച തര്‍ക്കവും കൂടിയായതോടെ വന്‍തിരിച്ചടിയാണ് നിഷാം നേരിടുന്നത്. ഭാര്യ അമലിനെയും കുട്ടിയെയും സഹോദരങ്ങള്‍ കമ്പനി കാര്യങ്ങളില്‍ അടുപ്പിക്കാത്തതാണ് നിഷാമിന്റെ നിയന്ത്രണം കൈമോശം വരാന്‍ കാരണം.

ബീഡി കച്ചവടം പൊതുവേ കുറഞ്ഞതാണ് ആദ്യ പ്രതിസന്ധിക്ക് കാരണം. കിംഗ് ബീഡിയുടെ മുതലാളി നിഷാമാണെന്ന് അറിഞ്ഞതോടെ പലരും ഇത് വലിക്കുന്നത് നിര്‍ത്തുകയോ വേറെ കമ്പനിയുടെ ഉല്പന്നത്തിലേക്ക് പോകുകയോ ചെയ്തു. വില്പന കുറഞ്ഞതോടെ കിംഗ് ബീഡി സാമ്പത്തികപ്രതിസന്ധിയിലായി. ജോലിക്കാരില്‍ കുറെ പേരെ പറഞ്ഞുവിടുകയും ചെയ്തു. പല ഏജന്‍സികളും ഇപ്പോള്‍ ചരക്ക് എടുക്കുന്നില്ലെന്നാണ് വിവരം. ബീഡി കച്ചവടം മാത്രമല്ല പ്രതിസന്ധിയെ നേരിടുന്നത്. നിഷാമിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസും താറുമാറായി. നിഷാമിന്റെ ബ്രാന്‍ഡായതോടെ പലരും വാങ്ങാന്‍ മടിക്കുകയാണ്. കെട്ടിടസമുച്ചയങ്ങളുടെ വില്‍പ്പന കുറഞ്ഞു, പല പ്രോജക്ടുകളും പകുതിക്കു വച്ച് നിലച്ചയ്ക്കുകയും ചെയ്തു.

ജയിലില്‍ കിടന്നും സ്വന്തം സാമ്രാജ്യം നിയന്ത്രിക്കാമെന്ന നിഷാമിന്റെ മോഹം തകര്‍ത്തെറിഞ്ഞത് സഹോദരങ്ങളും ബന്ധുക്കളുമാണ്. നിഷാം ജയിലിലായതോടെ കമ്പനികളുടെ നടത്തിപ്പു ചുമതല സഹോദരങ്ങള്‍ ഏറ്റെടുത്തു. നിഷാം പുറത്തുണ്ടായിരുന്ന കാലത്ത് സഹോദരങ്ങളുമായി വലിയ ലോഹ്യത്തിലായിരുന്നില്ല. അതുകൊണ്ട് തന്നെ നിഷാമിനെ പുറത്തിറക്കാന്‍ ഇവരുടെ ഭാഗത്തുനിന്നും കാര്യമായ ശ്രമങ്ങളുണ്ടായതുമില്ല. നിഷാമിന്റെ ഭാര്യ അമലിനെ കമ്പനി കാര്യങ്ങളില്‍ കൈകടത്താന്‍ അനുവദിക്കുന്നതുമില്ല. ദരിദ്ര ചുറ്റുപാടില്‍ വളര്‍ന്ന അമലിനെ കണ്ട് ഇഷ്ടപ്പെട്ട നിഷാം വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെ അമലും മകനും ഇപ്പോള്‍ സ്വന്തം വീട്ടിലാണ്.

വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന നിഷാമിന്റെ ബിസിനസിന്റെ പകുതി ഓഹരി രണ്ടു സഹോദരന്മാരുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഭാര്യക്ക് ഇതില്‍ ഇടപെടാനാവാത്ത സ്ഥിതിയുമായി. ഇതോടെയാണ് ബിസിനസ് തകരുന്നുവെന്ന പ്രചാരണം ശക്തമായത്. എന്നാല്‍, റിയല്‍ എസ്‌േറ്ററ്റ് ബിസിനസിലടക്കം യാതൊരു പ്രശ്‌നവുമില്ലെന്നാണ് നിഷാമിന്റെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് പന്തിയാണെന്നാണ് നിഷാമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഒരു സാധു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയ നിഷാം ഇതില്‍ക്കൂടുതല്‍ അര്‍ഹിക്കുന്നില്ലെന്നാണ് എതിരാളികള്‍ പറയുന്നത്.

Related posts