തൃശൂർ: സർക്കാരിനുവേണ്ടി കള്ളക്കണക്കുണ്ടാക്കുകയാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ പണിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ. മദ്യശാലകളുടെ ദൂരപരിധി വെട്ടിക്കുറച്ച സർക്കാരിനെതിരെ തൃശൂർ അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതി നടത്തിയ ഉപവാസ പ്രാർഥനാപ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചക്കിക്കൊത്ത ചങ്കരനെയാണ് സർക്കാരിന് എക്സൈസ് കമ്മീഷണറായി ലഭിച്ചത്. അഴിമതിവിരുദ്ധനെന്നും ജനകീയനെന്നും വിശേഷിപ്പിക്കപ്പെട്ട ഋഷിരാജ് സിംഗിന്റെ യഥാർഥമുഖമാണ് സർക്കാരിനു തെറ്റായ കണക്കുകൾ നൽകിയതിലൂടെ വെളിപ്പെട്ടത്.
മദ്യനിരോധനമല്ല, തെരുവുനായ്ക്കളുടെ ശല്യവും പകർച്ചപ്പനിയും വിദേശികളോടുള്ള മോശം പെരുമാറ്റവുമാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാക്കുന്നതെന്നും സുധീരൻ പറഞ്ഞു. റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ അധ്യക്ഷനായി. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണവും മോണ്‍. തോമസ് കാക്കശേരി അനുഗ്രഹ പ്രഭാഷണവും നടത്തി.
ഫൊറോന പ്രമോട്ടർ ഫാ. ആന്റണി ആലുക്ക, ഫാ. ലിജോ ചിറ്റിലപ്പിള്ളി, സിസ്റ്റർ റോസ്ലിൻ, സംസ്ഥാന സെക്രട്ടറി ജോസ് ചെന്പിശേരി, മദ്യനിരോധന സമിതി ചെയർമാൻ സി.സി. സാജൻ, ഭാരവാഹികളായ റപ്പായി മേച്ചേരി, ജോസ് ആലപ്പാട്ട്, അന്നം ജോണ്‍, ഫ്രാൻസീസ് തേർമഠം, ഹിറ്റ്ലസ് ചാക്കുണ്ണി, ക്ലാര ടീച്ചർ, സി.പി. ഡേവീസ്, മാത്യു ചക്കാലയ്ക്കൽ, അഖിൽ പോൾ തുടങ്ങിയവർ പ്രസംഗിച്ചു. മാർ അപ്രേം മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി.