കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷായെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനായി നാദിർഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നെഞ്ചുവേദനയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
മുന്പ് ചോദ്യം ചെയ്തപ്പോൾ നാദിർഷാ പറഞ്ഞതു പലതും കളവെന്നു പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. ആശുപത്രി വിട്ടാൽ നാദിർഷായെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന സൂചന. കേസിൽ മുൻകൂർ ജാമ്യം തേടണോയെന്ന് നാദിർഷാ അഭിഭാഷകനിൽനിന്നു നിയമോപദേശം തേടിയതായും സൂചനയുണ്ട്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടൻ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദിലീപിനൊപ്പം നാദിർഷായെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നിരുന്നില്ല.