കട്ടപ്പന: മരിച്ചെന്നു കരുതി മൊബൈൽ മോർച്ചറി കിടത്തിയ സ്ത്രീക്ക് ജീവന്റെ തുടിപ്പു കണ്ടെത്തിയതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒടുവിൽ മണിക്കൂറുകൾക്കു ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്ത സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നു പോലീസ് വ്യക്തമാക്കി.ഗുരുതരമായ രോഗം ബാധിച്ച ഇവർ ഏതു നിമിഷവും മരണത്തിനു കീഴടങ്ങുമായിരുന്നെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയതെന്നും വണ്ടൻമേട് പോലീസ് പറഞ്ഞു.
വണ്ടൻമേട് പുതുവൽ രത്തനവിലാസം മുനിസ്വാമിയുടെ ഭാര്യ രത്തനം (52) ആണ് ജീവനോടെ ഒരുമണിക്കൂറോളം ഫ്രീസറിൽ കിടന്ന ശേഷം ആശുപത്രിയിൽ മരിച്ചത്.മൊബൈൽ മോർച്ചറിയിലാക്കിയ ഇവരുടെ സമീപം ഇരുന്നവരാണ് ’മൃതദേഹം’ കണ്ണുതുറക്കുന്നതു കണ്ടത്. ഇവർ ഉടനെ വണ്ടൻമേട് പോലീസിൽ വിവരമറിയിച്ചു. വണ്ടൻമേട് എസ്ഐ കെ.വി. വിശ്വനാഥന്റെ നേതൃത്വത്തിൽ പോലീസെത്തി ബലമായി രത്തനത്തെ കട്ടപ്പന സെന്റ് ജോണ്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രാവിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് മരുന്നു നൽകിയെങ്കിലും വൈകുന്നേരം ആറരയോടെ യാഥർഥ മരണം സംഭവിച്ചു.ഏലത്തോട്ടം തൊഴിലാളിയായ രത്തനം മഞ്ഞപ്പിത്തം ബാധിച്ച് 20 ദിവസം മുൻപ് മധുര മീനാക്ഷി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ രോഗം മൂർച്ഛിച്ച് കരളിനേയും വൃക്കയേയും ഗുരുതരമായി ബാധിച്ചതിനെതുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മധുരയിലെതന്നെ വേലമ്മ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
20 ലക്ഷത്തോളം രൂപ ചെലവുവരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയാണ് ഇവിടെനിന്നും നിർദ്ദേശിച്ചത്.ഇതല്ലാതെ ആറുമണിക്കൂറിൽകൂടുതൽ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനെതുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ഇവരെ ഇന്നലെ രാവിലെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ വണ്ടൻമേട്ടിലെ വീട്ടിലെത്തിച്ചു. വെന്റിലേറ്റർ മാറ്റിയാൽ ആൾ മരിച്ചുപോകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
ആംബുലൻസിൽ വീട്ടിലെത്തിച്ചശേഷം വെന്റിലേറ്റർ മാറ്റിയപ്പോൾ ആൾ മരിച്ചതായി കരുതി വീട്ടുകാർ മൊബൈൽ മോർച്ചറി വരുത്തി അതിനുള്ളിൽ കിടത്തുകയായിരുന്നു. സംസ്കാരത്തിനുള്ള ഏർപ്പാടുകൾ ഒരുക്കുന്നതിനിടയിലാണ് ഇവർ കണ്ണുതുറന്നത്. സംസ്കാരം ഇന്നലെ രാത്രി എട്ടോടെ പുതവല്ലിലുള്ള പൊതുശ്മശാനത്തിൽ നടത്തി.