ആലപ്പുഴ: അനന്തൻകരിയിലേക്ക് ആദ്യമായെത്തിയ ആന തകർത്തെറിഞ്ഞത് രണ്ടുകുടുംബങ്ങളുടെ സ്വപ്നങ്ങൾ. വിരണ്ടോടിയെത്തി അനന്തൻകരിയിലെ ചെളിയിൽ താഴ്ന്ന്, നിരവധിപേരുടെ പ്രയത്നത്താൽ കരകയറിയ മുല്ലയ്ക്കൽ ബാലകൃഷ്ണനെന്ന കൊന്പന്റെ മസ്തകത്തിൽ വീണ്ടും പിശാച് ബാധിച്ചപ്പോൾ തകർന്നത് അനന്തൻകരിയിലെ രമണന്റെ വീടും അടുത്തു തന്നെയുള്ള ബന്ധു രാധാകൃഷ്ണന്റെ നിർമാണത്തിലിരുന്ന വീടും. അതിന്റെ തലേന്നാൾ രാധാകൃഷ്ണന്റെ ഓട്ടോറിക്ഷയും ആനയുടെ ക്രോധത്തിന്റെ ചൂരറിഞ്ഞിരുന്നു.
കിടപ്പാടം പൂർണമായും നഷ്ടമായ രമണനും കുടുംബത്തിനും കയറിക്കിടക്കാൻ ഒരു കൂര പോലുമില്ല. മത്സ്യബന്ധനം ഉപജീവനമാർഗമായ രമണന്റെ കുടുംബം പരന്പരാഗതമായി തന്നെ ഇവിടെയാണ് താമസിച്ചിരുന്നത്.ഓലയും ഷീറ്റും മറ്റുമുപയോഗിച്ച് നിർമിച്ച കൂരയെന്നു പറയാവുന്ന ഈ വീട്ടിൽ രമണനും ഭാര്യ ഗീതയും മക്കളായ അപ്പുവും അജിത്തും ചേർന്നു താമസിച്ചിരുന്നത്. തൊട്ടപ്പുറത്തെ കായലിൽ മത്സ്യബന്ധനമായിരുന്നു ഇവരുടെ ഏക വരുമാനം.
ആനയോടിയെത്തിയ ആദ്യദിനത്തിൽ മകൻ അജിത്ത് വീടിനു സമീപത്തു കിടന്നിരുന്ന ബന്ധു രാധാകൃഷ്ണന്റെ ഓട്ടോറിക്ഷ ആരോ തകർക്കുന്ന ശബ്ദം കേട്ട് ഉണർന്ന് മുറ്റത്തിറങ്ങിയപ്പോഴാണ് കൊലവിളിയുമായി നിൽക്കുന്ന കൊന്പനെ കണ്ടത്. ഉടൻതന്നെ വീടിനകത്തു കയറി വീട്ടിലുളളവരെ വിളിച്ചുണർത്തി പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ചിന്നംവിളിയോടെ മുറ്റത്തു വട്ടംചുറ്റിയിരുന്ന കൊന്പനിൽ നിന്നും രക്ഷപ്പെട്ട് ഒളിച്ചു. ആന തുന്പിക്കൈ നീട്ടിയെങ്കിലും അന്ന് വീടിനു കേടുപാടുകൾ ഒന്നും സംഭവിച്ചില്ല. അന്ന് ആന സമീപത്തെ കുറ്റിക്കാട്ടിലേക്കു പോയതോടെയായിരുന്നു ഇവരുടെ ശ്വാസം നേരെ വീണത്. രണ്ടാംദിനം ചെളിയിൽ നിന്നും കരകയറി ശാന്തനായി വീടിനടുത്തു കൂടി പോയ കൊന്പൻ പിന്നീട് അക്രമാസക്തനായതോടെ ഓലപ്പുരയെ നിലംപരിശാക്കി ചവറുകൂനയ്ക്കു സമമാക്കിക്കളഞ്ഞു. വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി. ഇനി എല്ലാം ഒന്നിൽ നിന്നും തുടങ്ങണം.
ഓർക്കുന്പോൾ രമണന് സങ്കടം അടക്കാനാകുന്നില്ല. തന്റെ ജീവിതത്തെ തന്നെയാണ് കൊന്പൻ കശക്കിയെറിഞ്ഞത്. ഇനിയെവിടെ കയറിക്കിടക്കും. ഇതുപോലൊരു കൂര കെട്ടിപ്പൊക്കാൻ എത്രനാൾ അധ്വാനിക്കേണ്ടിവരും…ചിന്തകൾ ഇരന്പിയാർക്കുന്പോൾ ഭാര്യ ഗീതയ്ക്കും സങ്കടമടക്കാനാകുന്നില്ല.മത്സ്യബന്ധനത്തിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടിത് സാധിക്കുമോയെന്നും അറിയില്ല. സർക്കാരും ദേവസ്വംബോർഡും സഹായത്തിനുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷയും.
രമണന്റെ ബന്ധുവായ രാധാകൃഷ്ണനാകട്ടെ വരുമാനമാർഗമായ ഓട്ടോറിക്ഷയാണ് നഷ്ടപ്പെട്ടത്. ഓട്ടോ നന്നാക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.ചതുപ്പിൽ നിന്നും കരയ്ക്കെത്തിയ ആന വീടിന്റെ സണ്ഷേഡും തകർത്തു. ഭിത്തികൾക്കും തകരാർ സംഭവിച്ചു. സർക്കാർ സഹായത്തോടെയാണ് രാധാകൃഷ്ണൻ വീടുവയ്ക്കുന്നതും.
കൈവശമുള്ള തുക തികയാതെ വരുമല്ലോയെന്നോർത്ത് ആധി പിടിച്ചിരിക്കുന്പോഴാണ് കൊന്പന്റെ അപ്രതീക്ഷിത ആക്രമണവും. നിവൃത്തിക്കുള്ള വകയും വീടെന്ന സ്വപ്നവും പൊലിഞ്ഞ വേദനയിലാണ് രാധാകൃഷ്ണൻ. ഇതിനിടെ കൊന്പനെ മെരുക്കാനെത്തിയ പാപ്പാൻമാരെന്ന പേരിലെത്തിയവർ നിർമാണത്തിലിരിക്കുന്ന വീടിനു സമീപത്തെ താത്കാലിക കൂരയിൽ കയറി പലതും കേടാക്കിയെന്ന ആക്ഷേപവും രാധാകൃഷ്ണൻ പങ്കുവച്ചു. ഇരുവീട്ടുകാർക്കും മുന്നിൽ ഇനി സർക്കാർ സഹായമെത്തിയാലേ എന്തെങ്കിലും രക്ഷയുള്ളൂ. ആ പ്രതീക്ഷയിലാണ് ഇരുവരും.