കടുത്തുരുത്തി: സ്കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തിരുന്ന സംഭവത്തിൽ പോലീസ് പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. മുളക്കുളം വൈപ്പേൽ സുരേഷ് (42) ആണ് റിമാൻഡിലായത്. കടുത്തുരുത്തി പാലകരയിൽ റോഡരികിലിരുന്ന് ചൂലുണ്ടാക്കി വിറ്റിരുന്ന എൺപത്തെട്ടുകാരിയുടെ മാല പൊട്ടിച്ചെടുത്തതും ആക്ടീവാ സ്കൂട്ടറിലെത്തി മുളക്കുളം മണ്ണുക്കുന്ന് പള്ളിക്കു സമീപം വീട്ടമ്മയുടെ മാല പൊട്ടിക്കൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതി സുരേഷ് തന്നെയെന്ന് പോലീസ് പറഞ്ഞു. മുളക്കുളത്ത് വീട്ടമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് പത്തടി താഴ്ച്ചയിലേക്ക് വീണതിനെ തുടർന്ന് പ്രതി പിടിയിലാവുകയായിരുന്നു.
റോഡരികിൽ ചൂലുണ്ടാക്കി വിറ്റിരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷമാണ് മുളക്കുളത്ത് ഇയാൾ മോഷണത്തിനെത്തിയത്. പാലകരയിൽ ബുധനാഴ്ച്ച ഉച്ചയ്ക്കു ഒന്നോടെയാണ് ഇയാൾ വയോധികയുടെ മാല പൊട്ടിച്ചെടുത്തത്. മുളക്കുളത്ത് വൈകൂന്നേരമായിരുന്നു സംഭവം നടന്നത്. ഇയാൾ തന്നെയാണ് ഈ മാസം ഒന്നിന് പിറവം പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിപടയിൽ വച്ചു വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം കടുത്തുരുത്തി-പെരുവ റോഡിൽ മങ്ങാട് ഭാഗത്തുവച്ചു വയോധികയുടെ ആറ് ഗ്രാം വരുന്ന മാലയും രണ്ട് ഗ്രാമോളം വരുന്ന കുരിശടുകൂടിയ താലിയും ഉൾപെടെ പൊട്ടിച്ചെടുത്തതും താനാണെന്ന് പ്രതി ചോദ്യം ചെയ്യുന്നതിനിടെ സമ്മതിച്ചതായി സിഐ കെ.പി. തോംസണ് പറഞ്ഞു. ഈ മാല പിറവത്ത് ഒരു സ്ഥാപനത്തിൽ പണയപെടുത്തിയിരുന്നു. ഇതു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
എന്നാൽ ഈ സംഭവത്തിൽ ആരും പരാതിയുമായി എത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മാലയുടെ ഉടമയെ അന്വേഷിച്ചു വരികയാണെന്നും സിഐ പറഞ്ഞു. മുളക്കുളം അന്പലപടിയിൽ കിണറിന്റെ റിംഗ് ഉണ്ടാക്കി വിൽക്കുന്ന ബിസനസ് നടത്തി വരികയായിരുന്നു സുരേഷെന്ന് പോലീസ് പറഞ്ഞു. കുറവിലങ്ങാട്ടേക്കുള്ള വഴി ചോദിച്ചുക്കൊണ്ടാണ് പാലകരയിൽ പ്രതി വയോധികയുടെ സമീപത്തെ എത്തി മാല പൊട്ടിച്ചെടുത്തത്. എന്നാൽ മാല വരവായതിനാൽ വയോധിക പോലീസിൽ പരാതി നൽകിയിരുന്നില്ല. പാലകര സ്വദേശി കാഞ്ഞിരംതടത്തിൽ അന്ന (88) യുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.
മുളക്കുളം കാപ്പിക്കരയിൽ ജോയിയുടെ ഭാര്യ ഡെയ്സിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി സുരേഷ് പിടിയിലായത്. പള്ളിയിൽ നിന്നും മുളക്കുളത്തേക്കുള്ള വഴിയരികിൽ പുല്ല് പറിക്കുകയായിരുന്ന ഡെയ്സിയോട് സ്കൂട്ടറിലെത്തിയ സുരേഷ് മുളക്കുളത്തേക്കുള്ള വഴി ചോദിച്ച ശേഷം കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഡെയ്സി കുതറിമാറിയതെടെ മാലയിൽ പിടിക്കാൻ കഴിയാതെ വരികയും ബൈക്ക് നിയന്ത്രണം വിട്ട് പത്തടിയോളം റോഡിന് താഴെ കട്ടിംഗിലേക്ക് മറിയുകയുമായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സുരേഷിനെ പിടികൂടി വെള്ളൂർ പോലീസിൽ ഏൽപിച്ചത്. മോഷണത്തിനെത്തിയ കറുത്ത ആക്ടീവാ സ്കൂട്ടറിന്റെ മുൻവശത്തെ നന്പർ കെഎൽ 36 ഡി 7580 എന്നും പിന്നിൽ കഐൽ 36 580 എന്നുമാണ് രേഖപെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇതേസമയം സമാനരീതിയിൽ നടന്നിരിക്കുന്ന മോഷണങ്ങൾ ഇയാൾ തന്നെയാണോ നടത്തിയതെന്നു പരിശോധിച്ചു വരികയാണെന്നും സിസി ടിവി കാമറയുടെ ദൃശ്യങ്ങളും സൈബർ പോലീസിന്റെ സഹായവും ഇതിനായി ഉപയോഗപെടുത്തുമെന്നും സിഐ തോംസണ് പറഞ്ഞു. കൂടാതെ മറ്റു ആർക്കെങ്കിലുമൊപ്പം ഇയാൾ ഇത്തരത്തിൽ കവർച്ച നടത്തിയിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് സിഐ പറഞ്ഞു.