സോളോ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത കന്നട നടി ശ്രുതി ഹരിഹരൻ വിവാഹിതയായെന്നു കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ശ്രുതി തന്റെ ഡാൻസ് മാസ്റ്ററെ വിവാഹം ചെയ്തു എന്നായിരുന്നു വാർത്തകൾ.
കൈ നിറയെ ചിത്രങ്ങളുമായി നിൽക്കുന്ന ശ്രുതി വളരെ രഹസ്യമായി വിവാഹിതയായെന്നാണ് പ്രചരിച്ച വാർത്തകൾ.എന്നാൽ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ശ്രുതി. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ശ്രുതി പ്രതികരിച്ചു. ഞാൻ പോലും അറിയാതെ എന്റെ വിവാഹം എങ്ങനെ നടന്നു.
എല്ലാവരുടെ ജീവിതത്തിലും വിവാഹം എന്നൊരു ടേണിങ് പോയിൻറ് ഉണ്ടാവും. എന്റെ വീട്ടുകാരും വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്. തീർച്ചയായും ഞാൻ വിവാഹം ചെയ്യും. പക്ഷെ അത് എന്നാണെന്നോ എപ്പോഴാണെന്നോ ഇപ്പോൾ പറയാൻ കഴിയില്ല. അങ്ങനെ ഒന്ന് സംഭവിക്കുന്പോൾ എല്ലാവരെയും അറിയിക്കും. അങ്ങനെ ഞാൻ വിവാഹം ചെയ്യുന്പോൾ തീർച്ചയായും വരൻ എന്റെ ഡാൻസ് മാസ്റ്റർ ആയിരിക്കില്ല. ഞാനൊരു നടിയാവുന്നതിന് മുന്പേ എനിക്കദ്ദേഹത്തെ അറിയാം.
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ മാത്രമേ വിവാഹം ചെയ്യൂ. ദയവു ചെയ്ത് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. അടിസ്ഥാന രഹിതമായ വാർത്തകളാണിതെല്ലാം- ശ്രുതി പറഞ്ഞു.കന്നടയിലെ പ്രശസ്ത നടിയായ ശ്രുതി സിനിമാ കന്പനി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. ഇപ്പോൾ ദുൽഖർ സൽമാൻ നായകനായി എത്തുന്ന സോളോ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് ശ്രുതി.