കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് ജിയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് അറുപത് ദിവസങ്ങള്‍ കഴിഞ്ഞിരിക്കേ തന്റെ ബിസിനസ് ശൃംഖല തകരാതിരിക്കാനുള്ള നടപടികളിലേയ്ക്ക് ദിലീപ് കടക്കുന്നതായി സൂചന. ഭാര്യ കാവ്യാ മാധവനെയാണ് ദിലീപ് തന്റെ ബിസിനസ് ഏല്‍പ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജാമ്യത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നുമാവാത്തതോടെ ഭാര്യയെയും മാനേജര്‍ അപ്പുണ്ണിയേയും തന്റെ ബിസിനസ് കാര്യങ്ങള്‍ പൂര്‍ണ്ണമായും ഏല്‍പ്പിക്കാനാണ് ദിലീപ് തീരുമാനിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകള്‍ നിശ്ചിത ഇടവേളകളില്‍ ജയിലിലെത്തി തന്നെ അറിയിക്കണമെന്നും ദിലീപ് ഇവരെ അറിയിച്ചിട്ടുണ്ട്.
ആയിരം കോടി രൂപയുടെ സ്വത്താണ് നിലവില്‍ ദിലീപിന് ഉള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിലേറെ രൂപയുടെ സ്വത്ത് ബിനാമി ഇടപാടുകളിലുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍, ആയിരം കോടി രൂപയില്‍ 300 കോടി രൂപയോളം വിവിധ ബിസിനസുകളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ദിലീപ് ജയിലിലായതോടെ ഈ വ്യവസായ ശൃംഖല തകര്‍ച്ചയുടെ വക്കിലാണ്. വന്‍ ബിസിനസുകള്‍ നടത്തിവന്നിരുന്നവര്‍ എന്തെങ്കിലും കാരണത്താല്‍ ജയിലിലാവുന്നതോടെ അവരുടെ ബിസിനസ് സാമ്രാജ്യം പൂര്‍ണ്ണമായും തകരുന്ന കാഴ്ചയ്ക്ക് ഇതിനുമുമ്പും മലയാളികള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അങ്ങനെയൊരു അവസ്ഥ ഉണ്ടാവാതിരിക്കാനാണ് ദിലീപ് ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.